പ്രകൃതിയോട് ചേർന്ന് സ്വപ്നം പോലെ ഒരു സുന്ദര ഭവനം

ചില സിനിമകൾ കണ്ട് തിയേറ്റർ വിട്ടിറങ്ങുമ്പോൾ സിനിമയിലെ കഥാപാത്രങ്ങളും കൂടെക്കൂടാറുണ്ട്, ചിലപ്പോൾ കഥാപാത്രങ്ങൾക്ക് അപ്പുറം സിനിമയിലെ ലൊക്കേഷനുകളോ വസ്ത്രങ്ങളോ ഒക്കെ  ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ചില ചിത്രങ്ങൾക്ക് പൂർണത നൽകുന്ന ഒന്നാണ് വീടുകൾ.  കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ  ചുവന്ന ഇഷ്ടിക കൊണ്ട് നിർമ്മിച്ച ആ ചെറിയ വീട് സിനിമയ്ക്കൊപ്പം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അത്തരത്തിൽ ആറാം തമ്പുരാനിലെ ആ വലിയ മാളിക വീടും രാപ്പകലിലെ തറവാട് വീടുമൊക്കെ ആ സിനിമകൾക്ക് പൂർണത കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

വീടുകൾ വ്യക്തിത്വം കൂടി എടുത്തുകാണിക്കും എന്ന് പറഞ്ഞ് കേൾക്കാറുണ്ട്. അത് ആ സിനിമകളിലും വ്യക്തമാണ്. ഇപ്പോഴിതാ  അത്തരത്തിൽ ഒറ്റ നോട്ടത്തിൽ തന്നെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ലാളിത്യം നിറഞ്ഞൊരു വീടാണ് വയനാട് പനവല്ലിയിലെ രാജേഷ് മീര ദമ്പതികളുടേത്. ആദ്യകാഴ്ചയിൽ തന്നെ മനം കുളിർപ്പിക്കുന്ന ഒരു ട്രഡീഷ്ണൽ ഡ്രീം ഹോം. 19.8  ലക്ഷത്തിനാണ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയായത്. പരമ്പരാഗത ശൈലിക്കൊപ്പം മോഡേൺ രീതികളും ഇഴ  ചേർത്താണ് ഈ വീടിന്റെ നിർമാണം. അതും ഭൂപ്രകൃതിയോട് ഏറ്റവും ഇണങ്ങി ചേർന്ന രീതിയിൽ. അതുകൊണ്ടുതന്നെ ഗ്രാമത്തിന്റെ സൗന്ദര്യവും പ്രകൃതിയുടെ മനോഹാരിതയും ഇവിടെ വരുന്നവർക്ക് ഒരുപോലെ ആസ്വദിക്കാം.

എട്ട് ഏക്കർ വരുന്ന ഒരു പുരയിടത്തിനകത്താണ് ഈ 1420 സ്‌ക്വയർ ഫീറ്റിലുള്ള വീട് ഒരുങ്ങിയിരിക്കുന്നത്. സിറ്റൗട്ട്,  അറ്റാച്ച്ഡ് ബാത്‌റൂമോട് കൂടിയ രണ്ട് കിടപ്പുമുറി, ഡൈനിങ് ഏരിയ, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയോട് കൂടിയതാണ് ഈ ട്രഡീഷ്ണൽ കം മോഡേൺ വീട്.

ഈ വീടിന്റെ നിർമ്മാണ രീതി തന്നെയാണ് ഇതിന്റെ മുഖ്യ ആകർഷണവും. തൃശൂര്‍ ജില്ലയിലെ വാസ്തുകം ദി ഓർഗാനിക് ആര്‍ക്കിടെക്ടസിലെ പി.കെ ശ്രീനിവാസന്‍ ആണ് ഈ വീട് രൂപകൽപ്പന ചെയ്‌ത് നൽകിയത്. തെങ്ങ് കൊണ്ടുള്ള കഴുക്കോലാണ് ഈ വീടിനു നല്‍കിയിരിക്കുന്നത്.  സാധാരണ ഗതിയില്‍ മരം കൊണ്ടുള്ള കഴുക്കോലിനേക്കാളും ലാഭകരവും ഈട് നില്‍ക്കുന്നതുമാണ് ഈ തെങ്ങ് കൊണ്ടുള്ള കഴുക്കോൽ. മേൽക്കൂരയിൽ കോൺക്രീറ്റിന് പകരം ഓടാണ് ഉപയോഗിച്ചിരിക്കുന്നത്. മഡ് ഉപയോഗിച്ചാണ് ഭിത്തികൾ തേച്ചിരിക്കുന്നത്. ഓക്‌സൈഡ് ഫ്ലോറിങ്ങാണ് നിലത്ത്  നല്‍കിയിരിക്കുന്നത്. വീടിനകത്ത് ഭിത്തിയോട് ചേർന്നുള്ള ബെഞ്ചിന് സമാനമായ ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വലിയ ജനാലകളും വാതിലുകളുമായി  അകത്തേക്ക് വെളിച്ചവും വായുവും വേഗത്തിൽ എത്തിപ്പെടാൻ സഹായിക്കുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

പഴമ വിളിച്ചോതുന്ന ഈ വീടിനകത്ത് ഒരു തുള്ളി വെള്ളം പോലും ഉപയോഗിക്കാത്ത  ഇക്കോളജിക്കല്‍ സാനിറ്റൈസേഷന്‍ രീതിയില്‍ ഉള്ള ടോയ്​ലറ്റാണ്  നിർമ്മിച്ചിരിക്കുന്നത്. ഇത് ഈ വീട്ടിലെഎടുത്തുപറയേണ്ട  മറ്റൊരു പ്രധാന പ്രത്യേകത കൂടിയാണ്. ഈ വീടിന്റെ നിർമ്മാണ രീതിയിലെ പ്രത്യേകത മൂലം മറ്റ് വീടുകളെ അപേക്ഷിച്ച് വീടിനകത്ത് താപനില വളരെ കുറവായിരിക്കും, വേനൽക്കാലത്ത് ഇത് വലിയ ആശ്വാസം പകരുന്ന ഒന്നാണ്. ഇതിന് പുറമെ പുരയിടത്തിൽ ഒരുക്കിയിരിക്കുന്ന ജൈവ കൃഷിയും മാലിന്യ നിർമ്മാർജ്ജനവും ഒക്കെ ഏറെ പ്രശംസാവഹം തന്നെയാണ്.  വീടിന് അടുത്തായി ഒരു കുളവും ഉണ്ട്. ഇതിൽ നിന്നാണ് വീട്ടാവശ്യത്തിനും കൃഷിക്കും ആവശ്യമായ ജലം ശേഖരിക്കുന്നത്.

ബംഗളൂരുവിലെ ഐ ടി ജോലി ഉപേക്ഷിച്ച് വായനാട്ടിലെത്തിയ ഈ ദമ്പതികൾ പ്രകൃതിയോട് ഏറ്റവും ഇണങ്ങിയാണ് ഇപ്പോൾ ഈ ഭവനത്തിൽ ജീവിക്കുന്നത്. ജോലി തിരക്കോ സ്‌ട്രെസ്സോ ഇല്ലാതെ തികച്ചും പ്രകൃതിയോട് ചേർന്നുള്ള ഒരു മനോഹര ജീവിതം.

 

Leave a Reply

Your email address will not be published. Required fields are marked *