ഇത് ക്യാമറയെ സ്നേഹിച്ച ഫോട്ടോഗ്രാഫറുടെ ‘ക്ലിക്ക്’ ഹൗസ്

ആഗ്രഹത്തിനൊപ്പം സ്നേഹം കൂടി സമം ചേർക്കപ്പെടുമ്പോൾ ആണല്ലോ മനോഹരമായ നിർമിതികൾ രൂപം കൊള്ളുന്നത്..  അത്തരത്തിൽ ക്യാമറയെ ജീവന് തുല്യം സ്നേഹിച്ച ഒരു ഫോട്ടോഗ്രാഫറുടെ വീടാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്. സാധാരണ ഗതിയിൽ വീട് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് എത്തുന്ന ചിത്രങ്ങളില്‍ നിന്നും ഏറെ വിഭിന്നമാണ് ഈ വീട്. ക്ലിക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ വീട് യഥാർത്ഥത്തിൽ ഒരു ക്യാമറ പോലെ തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ക്യാമറയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരാൾ ഇങ്ങനെ അല്ലാതെ വേറെ എങ്ങനെ ആണല്ലേ വീട് പണിയുക…

കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശിയായ  രവി ഹോഗല്‍ എന്നയാളുടെതാണ് ഈ വ്യത്യസ്തമായ ക്യാമറ വീട്.  പൂര്‍ണ്ണമായും ക്യാമറയുടെ ആകൃതിയിലാണ് ഈ വീട് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ ഒരു വലിയ ക്യമാറ വച്ചിരിക്കുന്നത് പോലെതന്നെ. ലെന്‍സ്, ഷോ റീല്‍, ഫ്‌ളാഷ്, മെമ്മറി കാര്‍ഡ് തുടങ്ങിയവയെല്ലാം ഉള്ള ഒരു വലിയ ക്യാമറയോട് സദൃശ്യമാണ് ഈ വീടും. വീടിന് പുറത്ത് മാത്രമേ ഇങ്ങനെ ക്യാമറയുടെ ആകൃതി  ഉള്ളുവെന്ന് വിചാരിച്ച് വീടിനകത്തേക്ക് കയറിയാൽ തെറ്റി, കാരണം വീടിനകത്തെ സീലിങ്ങിന്റേയും ഭിത്തിയുടേയും ഒക്കെ നിര്‍മിതിയിൽ വരെ ഇത്തരത്തില്‍ ക്യാമറയെ ഓര്‍മ്മപ്പെടുത്തും വിധത്തിലുള്ള  ആകൃതികൾ കാണാം.

ഈ വീടിനകത്ത് കയറിയാൽ ശരിക്കും ഒരു ആർട്ട് ഗ്യാലറിയിൽ സന്ദർശനം നടത്തുന്നത് പോലുള്ള അനുഭവമാണ്. വീടിനകത്ത് എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഒരുക്കിയാണ് ഈ ക്യാമറ വീട് നിർമിച്ചിരിക്കുന്നത്. മനോഹരമായ കിടപ്പുമുറികൾ, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള തുടങ്ങി വളരെ അധികം അതിശയിപ്പിക്കുന്ന നിർമിതിയാണ് ഈ വീടിന്റേത്. എങ്ങും ക്യാമറ മയമുള്ള, ക്യാമറയുടെ നിറമുള്ള ഈ ക്യാമറ വീട് 71 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് രവി ഹോഗല്‍ നിർമ്മിച്ചത്.

റോഡ് സൈഡിലായി നിരവധി വീടുകളുടെ ഇടയിലായി പണികഴിപ്പിച്ചിരിക്കുന്ന ഈ  വീട് പക്ഷെ ആരേയും ഒന്ന് ആകർഷിക്കും. നിര നിരയായുള്ള സാധാരണ വീടുകൾക്ക് ഒത്ത നടുവിലായി ഒരു വലിയ ക്യാമറ വച്ചിരിക്കുന്നത് പോലെയാണ് ഈ വീടും. ഒന്ന് കാണുന്നവർ എന്തായാലും വീണ്ടും വീണ്ടും നോക്കുമെന്ന് തീർച്ച കാരണം, ഈ ക്യാമറ എങ്ങനെ ഇവിടെ വന്നു എന്നായിരിക്കും ആളുകൾ ചിന്തിക്കുക. എന്നാൽ ആദ്യമൊക്കെ അതിശയത്തോടെ മാത്രം ഈ വീടിനെ നോക്കിയിരുന്നവർ വളരെ സ്നേഹത്തോട് കൂടിയാണ് ഇപ്പോൾ ഈ വീടിനെ നോക്കുന്നത്. കാരണം ഇത് വെറുമൊരു വീടല്ല.. ഒരു ഫോട്ടോഗ്രാഫറുടെ ജീവിതമാണ്.. വർഷങ്ങളായുള്ള  സ്വപ്നമാണ്.

ചെറുപ്പം മുതൽ ക്യമറയെ സ്നേഹിച്ചിരുന്ന വ്യക്തിയാണ് രവി ഹോഗൽ. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു വീട് പണിയുമ്പോൾ അതിൽ അദ്ദേഹത്തിന്റെ സ്നേഹവും കരുതലും ആഗ്രഹവും ഒക്കെ ഇഴകി ചേർന്നിട്ടുണ്ടാവാം. ബാല്യകാലം മുതൽ ഗ്രാമത്തിന്റെ വിവിധ ഇടങ്ങളിൽ പോയി വ്യത്യസ്തമായ ചിത്രങ്ങൾ അദ്ദേഹം ക്യാമറക്കണ്ണുകളിലൂടെ പകർത്തിയിരുന്നു. ചെറുപ്പം മുതൽ ഉള്ളിൽ കാത്തുസൂക്ഷിച്ച ക്യാമറയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വളർന്നപ്പോഴും ഒട്ടും ചോർന്നു പോയില്ല. അതിന്റെ തീവ്രതയും ഭംഗിയുമെല്ലാം കൂടിയെങ്കിലെ ഉള്ളു.

ക്യാമറ വീടിന് പുറമെ രവി ഹോഗലിന് ക്യാമറയോടുള്ള സ്നേഹം കാണിക്കാൻ ഇനിയുമുണ്ട് കാരണങ്ങൾ. അദ്ദേഹത്തിന്റെ മക്കൾക്കും ക്യാമറയുമായി ബന്ധപ്പെട്ട പേരുകളാണ് രവി ഹോഗൽ കൊടുത്തിരിക്കുന്നത്. കാനോണ്‍, നിക്കോണ്‍, എപ്പ്‌സണ്‍ തുടങ്ങിയ ക്യാമറയുടെ പേരുകളാണ് അദ്ദേഹം  സ്വന്തം മക്കൾക്ക് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *