വീടിന്റെ ഭിത്തി കെട്ടും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ
വീട് നിർമ്മിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഭിത്തി കെട്ടിപൊക്കുക എന്നത്. ഇത്തരത്തിൽ വീടിന്റെ ഭിത്തി കെട്ടിപൊക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പണ്ട് കാലങ്ങളിൽ വീട് കെട്ടിപൊക്കാൻ മണ്ണും ചെളിയുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് മാറി ഇഷ്ടിക, കോൺക്രീറ്റ് ബ്ലോക്ക്, വെട്ടുകല്ല്, കരിങ്കല്ല് തുടങ്ങി ഇന്റർലോക്ക് ബ്ലോക്കുകൾ വരെ ഇന്ന് വിപണിയിൽ സുലഭമാണ്.
നാച്ചുറലായി ലഭിക്കുന്ന കല്ലുകളാണ് കരിങ്കല്ലുകൾ, ചെങ്കല്ല് എന്നിവ. ആർട്ടിഫിഷ്യൽ മെറ്റിരിയലാണ് കോൺക്രീറ്റ് കട്ടകൾ, ഇന്റർലോക്ക് കട്ടകൾ എന്നിവയെല്ലാം. ഇതിലും നിരവധി വ്യത്യസ്തമായ മെറ്റിരിയലുകൾ ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന ഓരോ ബ്രിക്സുകൾക്കും വിലയും വ്യത്യസ്തമാണ്. അതിന് പുറമെ ഇതിന്റെ പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഇന്ന് സുലഭമായി നമ്മുടെ വിപണിയിൽ ലഭിക്കുന്ന ഒന്നാണ് ചെങ്കല്ലുകൾ. 1000 ചതുരശ്ര അടിയിൽ ഒരു വീട് നിർമ്മിക്കുമ്പോൾ അതിന്റെ ലിന്റൽ വരെയുള്ള പണി അഞ്ച് ദിവസം കൊണ്ട് തീർക്കേണ്ടതാണ്. ഏകദേശം 100 അല്ലെങ്കിൽ 120 കല്ലുകൾ വരെ ഒരു ചാക്ക് സിമെന്റ് ഉപയോഗിച്ച് നമുക്ക് ഉപയോഗിക്കാം. ഇതിന് പുറമെ ഹോളോ ബ്രിക്സിനും ഏതാണ്ട് ഇതേ അളവ് മതിയാകും സിമെന്റ്. ലിന്റൽ വരെ എത്തുമ്പോഴേക്കും ചെങ്കല്ല് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഏകദേശം 10 ചാക്ക് വരെ സിമെന്റ് വേണ്ടിവരും.
വീടിന്റെ ഭിത്തികൾ കെട്ടിപൊക്കുമ്പോൾ ഇന്റർലോക്ക് കട്ടകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിന് സിമെന്റ് വലിയ രീതിയിൽ ആവശ്യമില്ല. ഇതിന്റെ ആരംഭത്തിലോ ലിന്റൽ വാർത്ത ശേഷമോ മാത്രമേ സിമെന്റ് ആവശ്യമായി വരുകയുള്ളു. അതും വളരെ കുറഞ്ഞ അളവിൽ മാത്രമേ സിമെന്റ് ആവശ്യമുള്ളു. ഇത്തരത്തിലുള്ള കൺസ്ട്രക്ഷൻ വേണമെങ്കിൽ ഒരു ദിവസം കൊണ്ട് 1000 ചതുരശ്ര അടി ഉള്ള വീടിന്റെ ലിന്റൽ വരെയുള്ള പണി തീർക്കാവുന്നതാണ്. ഏകദേശം രണ്ടോ മൂന്നോ പണിക്കാർ മാത്രമേ ഇതിനും ആവശ്യമായി വരുകയുള്ളു.
ഇത്തരത്തിൽ ഇന്റർലോക്ക് സംവിധാനം ആണ് ഭിത്തിയ്ക്ക് ഉപയോഗിക്കുന്നതെങ്കിൽ പണി വേഗത്തിൽ കഴിയും. എന്നാൽ ഇവ ഉപയോഗിച്ച് ഭിത്തി കെട്ടുകയാണെങ്കിൽ ഭിത്തി കെട്ടിയതിന് ശേഷം വയറിങ്ങിനും മറ്റുമായി വളരെയധികം ബുദ്ധിമുട്ടുണ്ട്. അതിനാൽ ഈ പണി തുടങ്ങുമ്പോൾ തന്നെ നമ്മുടെ ആർകിടെക്റ്റുമായും കോൺട്രാക്ടറുമായും ഇതിനെക്കുറിച്ച് ഒരു ധാരണ വരുത്തണം. അല്ലാത്ത പക്ഷം ഇലക്ട്രിക് വർക്കുകൾക്കായി ഭിത്തി പൊട്ടിക്കേണ്ടതായി വരും.
കോൺക്രീറ്റ് ഉപയോഗിച്ചുളള എ റേറ്റഡ് കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചും ഭിത്തി കെട്ടിപൊക്കാം. ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ഉള്ളവയും ഇന്ന് വിപണിയിൽ സുലഭമാണ്. ഇതും വളരെയധികം വേഗത്തിൽ ഭിത്തി കെട്ടി പൊക്കാൻ സഹായിക്കുന്ന തരത്തിലുള്ള ബ്രിക്കുകളാണ്. എന്നാൽ ഇതിനും ചില ദോഷങ്ങൾ ഉണ്ട്. അതിനാൽ കൃത്യമായ ഒരു ധാരണ നമ്മുടെ ആർകിടെക്റ്റുമായി ആദ്യമെ വരുത്തണം.
ഇന്റർലോക്കിങ് മഡ് ബ്ലോക്കുകൾ ഉപയോഗിക്കുമ്പോൾ ആദ്യമെ കൃത്യമായി പ്ലാൻ ചെയ്താൽ ഇലക്ട്രിക് വർക്കുകൾ ചെയ്യുമ്പോൾ വീടിന്റെ ഭിത്തി പൊളിക്കേണ്ടി വരില്ല. ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഈ ബ്രിക്സുകൾ ഹൊറിസോണ്ടൽ ബ്രിക്സ്, വെർട്ടിക്കൽ ബ്രിക്സ്, പശ ചേർത്ത് വെയ്ക്കുന്ന ബ്രിക്സ് തുടങ്ങിയവയാണ്. അതിന് പുറമെ ചൂട് കുറയ്ക്കുന്നതിനായി ബ്രിക്സിൽ റോക്ക് വോൾ എന്ന പദാർത്ഥം നിറച്ച് വരുന്ന ബ്രിക്സുകളും അടക്കം ഇത്തരത്തിൽ നിരവധി വ്യത്യസ്തമായ ബ്രിക്സുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിന്റെ വിലയിലും വലുപ്പത്തിലും വ്യത്യാസമുണ്ട്.