വീട് വൃത്തിയാക്കാൻ ചില എളുപ്പമാർഗങ്ങൾ പരിചയപ്പെടുത്തി സാമന്ത
നാം പടുത്തുയർത്തിയ വീടിനെ എന്നും അഴകോടെ തന്നെ നില നിർത്തണം. ചെളിയോ പൊടിയോ പറ്റാതെ വീടുകളെ എപ്പോഴും സുന്ദരമായി കാത്ത് സൂക്ഷിക്കണം. ഇതിന് ചില പൊടികൈകളും അറിഞ്ഞിരിക്കണം. അത്തരത്തിൽ വീടിനെ സുന്ദരമായി നിലനിർത്താൻ ചില എളുപ്പമാർഗങ്ങൾ പരിചയപ്പെടുത്തുകയാണ് തെന്നിന്ത്യൻ ചലച്ചിത്ര താരം സാമന്ത നാഗചൈതന്യ. വീട് തുടയ്ക്കാൻ ആവശ്യമായ ഒരു ലോഷനാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്.
ബയോ എന്‍സൈം എന്ന് അറിയപ്പെടുന്ന ക്ലീനിങ് സൊല്യൂഷനാണ് സാമന്ത തയാറാക്കിയത്. സിട്രസ് പഴങ്ങളുടെ തൊലി പുളിപ്പിച്ചാണ് ഈ ക്ലീനിങ് സൊല്യൂഷന് ഉണ്ടാക്കുന്നത്. നിലം തുടയ്ക്കാനും കറ കളയാനുമെല്ലാം ഇത് നല്ലതാണെന്നും താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ ഇത് തയാറാക്കുന്ന വിധവും താരം കുറിച്ചിട്ടുണ്ട്.
ബയോ എന്‍സൈം തയാറാക്കുന്ന വിധം:
സിട്രസ് പഴങ്ങളുടെ തൊലി-300ഗ്രാം
ജാഗരി-100 ഗ്രാം
വെള്ളം-ഒരു ലിറ്റര്‍
യീസ്റ്റ്
മുകളിൽ കൊടുത്ത ഈ ചേരുവകള്‍ എല്ലാം ഒന്നിച്ച് വായു കടക്കാത്ത പാത്രത്തില്‍ ഇട്ട് വയ്ക്കണം. ഇരുട്ടുള്ള മുറിയിലാണ് ഈ പാത്രം വയ്ക്കേണ്ടത്. എല്ലാ ദിവസവും ഏതാനും കുറച്ച് സെക്കന്റുകള്‍ നേരത്തേക്ക് അടപ്പ് തുറന്ന് വീണ്ടും അടച്ച് വയ്ക്കണം ഈ പാത്രം. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ ചെയ്യണം. ഒരു മാസത്തിന്റെ അവസാനമോ അല്ലെങ്കില്‍ മൂന്ന് മാസത്തിന്റെ അവസാനമോ ഇത് പിഴിഞ്ഞെടുക്കാം. ഈ സത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാല്‍ ക്ലീനിങ് സൊല്യൂഷനായി എന്നാണ് സാമന്ത കുറിപ്പിൽ പങ്കുവെച്ചത്.
ഇതിന് പുറമെ വീട് പണിയുമ്പോൾ മുതൽ വീട് വൃത്തിയായി സൂക്ഷിക്കാനും കാഴ്ച്ചയിൽ അഴകുള്ളതായി ഇരിക്കാനും ഏറെ ശ്രദ്ധിക്കണം. ആദ്യം പെയിന്റിങ്ങിൽ ഏറെ ശ്രദ്ധിക്കണം. വീടിന്റെ എലിവേഷന് ചേരുന്ന മനോഹരമായ കളർ പെയിന്റ് വേണം ഉപയോഗിക്കാൻ. പെട്ടന്ന് മുഷിയുള്ള കളർ പരമാവധി ഒഴിവാക്കുക. അതിന് പുറമെ കാലാകാലങ്ങൾ നില നിൽക്കുന്ന പെയിന്റ് ഉപയോഗിക്കുക, അല്ലാത്ത പക്ഷം പെയിന്റ് വേഗം നശിച്ച് പോകാനും അവ വീടിന്റെ ഭംഗിക്ക് കോട്ടം തട്ടാനും ഇടയാകും. ഇനി ഇന്റീരിയർ ഫർണിച്ചർ എന്നിവയിലും പ്രത്യേകം ശ്രദ്ധിക്കണം.
വീട് സുന്ദരമായിരിക്കാൻ ഒരുപാട് ആർഭാടങ്ങൾ നോക്കി ഇന്റീരിയർ ഒരുക്കേണ്ടതില്ല. ഇത് ചിലപ്പോൾ കുറച്ച് നാളുകൾ കഴിഞ്ഞാൽ വൃത്തിയ്ക്ക് മാനേജ് ചെയ്യാൻ കഴിയാതെ വരും. പൊടി അഴുക്ക് എന്നിവ കൂടുതലായി പറ്റാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഡാർക്ക് കളർ ഷേഡുകൾ ഉപയോഗിക്കുക.
അതിനൊപ്പം വീടിനാവശ്യമായ ഫർണിച്ചർ വാങ്ങിക്കുമ്പോൾ ട്രെൻഡ് കൂടി പരിഗണിക്കുക. വുഡൻ ഫർണിച്ചറുകൾക്ക് ഒരുകാലത്തും ട്രെൻഡ് നശിക്കില്ല. ഫർണിച്ചറുകളുടെ സ്ഥാനം നിർണ്ണയിക്കുമ്പോൾ ജനാലകളുടെ സ്ഥാനവും കൂടി ശ്രദ്ധിക്കണം. അതിന് പുറമെ വീടിന് മാച്ച് ചെയ്യുന്ന കളർ കർട്ടനുകളും ഉപയോഗിക്കുക. ഇവ മാറ്റി ഉപയോഗിക്കാനും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാനും മറക്കരുത്. അനാവശ്യ ഫർണിച്ചറുകളും സാധനങ്ങളും വാങ്ങിക്കൂട്ടാതെ ആവശ്യത്തിനും ഉപകാര പ്രദവുമായ വസ്തുക്കൾ മാത്രം വീടിനകത്ത് ഉൾപ്പെടുത്തുക. ബാക്കിയുള്ള സ്റ്റോറേജിൽ സൂക്ഷിക്കുക.