അത്ഭുത കാഴ്ചകൾ ഒരുക്കി ഒരു കുഞ്ഞൻ വീട്

സെർബിയയിലെ ബജീന ബസറയിലെ ഡ്രിന എന്ന നദിയിൽ  ഒരു  മനോഹര വീടൊരുങ്ങിയിട്ടുണ്ട്. മനോഹരമായി ഒഴുകുന്ന നദിയുടെ ഒത്ത നടുക്കായി വിനോദ സഞ്ചാരികളുടെ മുഴുവൻ ശ്രദ്ധ ആകർഷിച്ചു കൊണ്ടുള്ളതാണ് ഈ വീട്. തങ്ങളുടെ വീട് മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്തമാവണമെന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ വീടുകൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ അടക്കം ഇടം നേടാറുണ്ട്. ആകാശത്തെ നക്ഷത്രങ്ങൾക്കൊപ്പം ഉറങ്ങുന്നതു പോലുള്ള അനുഭവം നൽകുന്ന ചില്ലു വീടുകളും, കാടിനുള്ളിലെ മരം കൊണ്ട് നിർമ്മിച്ച വീടുകളുമൊക്കെ നേരത്തെ ശ്രദ്ധ ആകർഷിച്ചിരുന്നു. അത്തരത്തിൽ  ഒരു വീടാണ് നദിയ്ക്ക് നടുവിലായി ഒരുങ്ങിയ ഈ സുന്ദര ഭവനം.

ഇപ്പോഴിതാ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഒരു വീട്. വീടെന്ന് പറയുമ്പോൾ ഇതൊരു സാധാരണ വീടല്ല. നിരവധി പ്രത്യേകതകൾ ഉള്ള ഒരു ഒറ്റമുടി വീടാണ്. അതും വെള്ളത്തിന് നടുവിലായി ഒരുങ്ങിയിരിക്കുന്ന വീട്. നദിക്കുള്ളിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹര വീടാണ് വിനോദ സഞ്ചാരികളുടെ മുഴുവൻ മനം കവരുന്നത്. വർഷങ്ങൾ നീണ്ട നിർമ്മാണത്തിനൊടുവിലാണ് ഈ വീട് ഒരുങ്ങിയത്. അതും ഒന്നും രണ്ടും വർഷങ്ങൾ അല്ല. 1968 ലാണ് ഈ വീട് നിർമാണം ആരംഭിച്ചത്. 2011ലാണ് ഈ വീടിന്റെ നിർമ്മിതി പൂർത്തിയായത്.

ഈ വീടിന്റെ നിർമ്മാണത്തിന് പിന്നിലുമുണ്ട് ഒരു രസകരമായ കഥ.. അവിചാരിതമായി ആ നദിയിൽ കുളിക്കാൻ ഇറങ്ങിയ കുറച്ച് വിനോദ സഞ്ചാരികളായ ആളുകളാണ് ഈ വീടിന് പിന്നിൽ. കുളിക്കാൻ ഇറങ്ങിയപ്പോൾ നദിയുടെ നടുക്കായി പൊങ്ങിക്കിടക്കുന്ന ഒരു കല്ല് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ മുകളിലായി ഒരു വീട് പണിതാൽ എങ്ങനെയുണ്ടാകുമെന്നായി പിന്നീട് അവരുടെ ചിന്ത. എന്നാൽ അപ്പോൾ അവിടെ വീട് പണിയുക സാധ്യമായിരുന്നില്ല. അതിനാൽ പിന്നീട് അടുത്ത വേനൽക്കാലത്തും അവർ അവിടെത്തി. ഇത്തവണ എന്തായാലും വീട് നിർമ്മിക്കാമെന്ന് അവർ തീരുമാനിച്ചു. തുടർന്ന് പതിയെ മരക്കഷ്ണങ്ങളും തടികളുമെല്ലാം അവർ നദിയുടെ നടുക്കുള്ള പാറയിൽ എത്തിക്കാനുള്ള ശ്രമമായി.

കരയിൽ നിന്നും വളരെ ബുദ്ധിമുട്ടിയും അതി സാഹസീകമായുമാണ് ഇവർ നദിയിൽ സാധനങ്ങൾ എത്തിച്ചത്, അങ്ങനെ ഒരു ഒറ്റ മുറി വീട് അവർ അവിടെ പണിയാരംഭിച്ചു. അതേസമയം മഴക്കാലത്ത് ഇവരുടെ ഈ വീട് ഒഴുക്കിൽ പെട്ടു. അതും ആറ് തവണയാണ്  ഈ വീട് ഒഴുക്കിൽപ്പെട്ടത്.  പക്ഷെ തികഞ്ഞ ആത്മവിശ്വാസത്തോടെ വീണ്ടും അവർ പണി തുടർന്നു. അവസാനം 2011 ലാണ് ഈ വീടിന്റെ പണി പൂർത്തിയായത്. ഇതോടെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കഴിഞ്ഞു ഈ നദിയിലെ വീട്. പിന്നീട് ഈ വീട് അന്വേഷിച്ചായി വിനോദ സഞ്ചാരികളുടെ ഇങ്ങോട്ടുള്ള വരവും.

പുഴയ്ക്ക് നടുവിലായി ഉയർന്ന് നിൽക്കുന്ന ഈ വീട് ആദ്യ കാഴ്ച്ചയിൽ തന്നെ വിനോദ സഞ്ചാരികളുടെ മുഴുവൻ ഹൃദയം കവരും. ഒരിക്കലെങ്കിലും ഇത്തരം വീടുകളിൽ താമസിക്കണമെന്നാണ് ഇവിടെ എത്തുന്ന എല്ലാവരും പറയുന്നത്. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ വീട് നൽകുന്നതത്രേ. വെള്ളത്തിന്റെ മനോഹര ശബ്ദത്തിന് നടുവിലായി സുന്ദരമായ അനുഭവമാണ് ഈ വീടുകൾ സമ്മാനിക്കുന്നത്. അവധിക്കാലത്ത് ഇത്തരം വീടുകൾ തിരയുന്ന വിനോദ സഞ്ചാരികളും സമൂഹ മാധ്യമങ്ങളിൽ നിരവധിയാണ്. വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവർക്കും സാഹസീകത ഇഷ്ടപെടുന്നവരും തീർച്ചയായും ഈ വീടുകളിൽ ഒരിക്കലെങ്കിലും പോയിരിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *