സൗന്ദര്യത്തിനും സൗകര്യത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ഒരു വീട്
വീട് പണിയുമ്പോൾ പുറം മോടിയേക്കാൾ കൂടുതലായി വീടിന്റെ ഉള്ളിലെ സൗകര്യങ്ങൾക്കായിരിക്കും നാം പ്രാധാന്യം നൽകുന്നത്. അത്തരത്തിൽ സൗന്ദര്യത്തിനും സൗകര്യത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ഒരു വീടാണ് കോട്ടയം ജില്ലയിലെ ഏറ്റൂമാനൂരിനടുത്തുള്ള തെള്ളകം എന്ന സ്ഥലത്ത് ഉള്ളത്. പി എസ് കുര്യച്ചന്റെയും ഭാര്യ സാലിയുടെയും ഈ വീട് മൂന്ന് ഏക്കർ സ്ഥലത്താണ് ഉള്ളത്. ഏകദേശം 80 സെന്റ് സ്ഥലത്താണ് ഈ വീടുള്ളത്. പല നിലകളിലായുള്ള പ്ലോട്ടിന്റെ അതേ രീതിയിൽ തന്നെയാണ് വീടും ഒരുക്കിയിരിക്കുന്നത്. ഒരു പുതിയ മോഡേൺ പടിപ്പുര വാതിൽ കടന്ന് രണ്ടു ഭാഗങ്ങളിലേക്കായി ഒരുക്കിയിരിക്കുന്ന ഡ്രൈവ് വേ കടന്ന് വേണം വീടിനകത്തേക്ക് എത്താൻ.
ലാൻഡ് സ്കേപ്പിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ വീട്ടിൽ ബഫല്ലോ ഗ്രാസും പിടിപ്പിച്ചിട്ടുണ്ട്. പച്ചപ്പിന് പ്രാധാന്യം നൽകുന്നതിനാൽ നിരവധി മരങ്ങളും ഈ പ്ലോട്ടിൽ കാണുന്നുണ്ട്. നാച്ചുറൽ സ്റ്റോൺസാണ് ലാൻഡ് സ്കേപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ സ്ഥലത്ത് നിലനിന്നിരുന്ന ഉറവയെ വളരെ മനോഹരമായി ഡിസൈൻ ചെയ്ത് ഒരു വാട്ടർ ഫോൾസും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഭൂമിയുടെ ഘടനയെ വേദനിപ്പിക്കാതെ വീടൊരുക്കിയതിനാൽ ഇവിടെ ഉണ്ടായിരുന്ന മരങ്ങളും അരുവിയും എല്ലാം അതേപടി നിലനിർത്തി. വീടിന്റെ എലിവേഷന് അധികം പ്രാധാന്യം നൽകിയിട്ടില്ല. വീടിന്റെ അകത്തെ സൗകര്യങ്ങൾക്കും പ്ലോട്ടിന്റെ പ്രത്യേകതയ്ക്കുമനുസരിച്ച് സ്വാഭാവികമായി ഉരുത്തിരിഞ്ഞ് വന്ന ഫോമാണ് വീടിന്റെ എലിവേഷനുള്ളത്.
വീടിന്റെ ദർശനം പടിഞ്ഞാറ് ഭാഗത്തേക്ക് ആയതിനാൽ ചൂടിനെ പരമാവധി കുറയ്ക്കാൻ എല്ലാ ഭാഗത്തും ഓരോ ബാൽക്കണിയും നൽകിയിട്ടുണ്ട്. ഒരേ സമയം രണ്ട് കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് കാർ പോർച്ച് നിർമ്മിച്ചിരിക്കുന്നത്. കാർ പോർച്ചിൽ നിന്നും സിറ്റൗട്ടിലേക്ക് കടക്കാം. ഇവിടെ പഴയ ശൈലിയിൽ ഉള്ള ഒരു തടി കൊണ്ടുള്ള ഭിത്തിയും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് ഒരു കോർട്ടിയാടും ഒരുക്കിയിട്ടുണ്ട്. നാച്ചുറൽ ഫിനിഷ് കൊടുത്ത് ഒരുക്കിയിരിക്കുന്ന കോർട്ടിയാടിൽ ഒരു ആർട്ടിഫിഷ്യൽ വാട്ടർ ഫാൾസും ഒരുക്കിയിട്ടുണ്ട്. ഇവിടെ അത്യാവശ്യത്തിനുള്ള ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വളരെയധികം പ്രകൃതി രമണീയമായ സ്ഥലത്ത് ഒരുക്കിയ ഈ വീട് കാഴ്ച്ചയിൽ ഏറെ സുന്ദരമാണ്. ധാരാളം വായു സഞ്ചാരം വീടിനകത്തേക്ക് ലഭിക്കുന്ന രീതിയിലാണ് ഈ വീട് ക്രമീകരിച്ചിരിക്കുന്നത്. മെയിൻ ഡോർ തുറക്കുമ്പോൾ തന്നെ വീടിന്റെ അപ്പുറത്തെ അറ്റം വരെ കാണാവുന്ന ഒരു പസേജാണ് ഉള്ളത്. ഇതിനോട് ചേർന്നുള്ള ഫോർമൽ ലിവിങ് ഏരിയയുടെ ഒരു ഭാഗത്ത് വലിയ ഗ്ലാസിൽ ഒരു ഓപ്പണിങ് നൽകിയിട്ടുണ്ട്. ഇവിടെ നിന്നും മനോഹരമായ വ്യൂ ലഭിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. വളരെയധികം സ്‌പേഷ്യസായ ഈ ഭാഗത്ത് തടിയുടെയും ബേജ്- ക്രീം കളർ കോമ്പിനേഷനാണ് കാണാൻ സാധിക്കുന്നത്. ഇവിടെ നിന്നും കോർട്ടിയാടിലേക്കും നല്ലൊരു വ്യൂ ലഭിക്കും.
തുറന്ന ശൈലിയിലുള്ള വീടായതിനാൽ തന്നെ വിശാലമായ ഭാഗങ്ങളാണ് ഈ വീടിനുള്ളത്. എന്നാൽ കിടപ്പ് മുറികളിൽ പ്രൈവസിയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ഫാമിലി ലിവിങ് ഏരിയയിലെ ഡബിൾ ഹൈറ്റും വീടിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. എല്ലാ ഭാഗങ്ങളിലും ഗ്ലാസ് ഉപയോഗിച്ചുള്ള സ്ലൈഡിൽ ഡോർസ് ആയതിനാൽ ആവശ്യത്തിന് വെളിച്ചവും വീടിനകത്തേക്ക് ലഭിക്കും. ഒപ്പം പുറത്തുള്ള മനോഹരമായ കാഴ്ചകളും ഇവിടെ ഇരുന്നുകൊണ്ട് ആസ്വദിക്കാം. മിനിമലിസ്റ്റിക് ആയിട്ടാണ് വീടിന്റെ പ്ലാൻ. അതിന് പുറമെ പ്ലോട്ടിന്റെ സ്വാഭാവികത അനുസരിച്ചുള്ള രീതിയിലാണ് വീടിന്റെ ഓരോ ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത്.