വീട് പണിക്കുള്ള മരം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വീട് പണിയുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഫർണിച്ചർ സെറ്റിങ്. വീടിന് ഏറ്റവും അത്യാവശ്യമായ ഒന്ന് കൂടിയാണ് ഫർണിച്ചറുകൾ. തടികൊണ്ടുള്ള ഫർണിച്ചറുകളാണ് ഇന്ന് മിക്കവരും തിരഞ്ഞെടുക്കുന്നത്. എന്നാൽ വീട് പണിക്ക് ഉപയോഗിക്കുന്ന മരം തിരഞ്ഞെടുക്കുമ്പോൾ  എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഫർണിച്ചറുകൾക്കായി മരം തിരഞ്ഞെടുക്കുമ്പോൾ കാതലുള്ള മരങ്ങളാണ് പൊതുവെ തിരഞ്ഞെടുക്കുന്നത്. തേക്ക്, പ്ലാവ്, ആഞ്ഞിലി, മഹാകണി തുടങ്ങിയ തടിയുള്ള മരങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ആര്യവേപ്പ് മരങ്ങളും തടിക്കായി ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പ് ഏറ്റവും കുറഞ്ഞ ചിലവിൽ ഉള്ള ഒരു മരമാണ്. തടികളിൽ ഏറ്റവും കാണാൻ ഭംഗിയുള്ളതും ചിലവ് കൂടിയതും തേക്കാണ്. അത്യാവശ്യം പ്രശ്നങ്ങൾ ഇല്ലാതെ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന മറ്റൊരു മരമാണ് മഹാകണി. മരത്തിന്റെ വണ്ണവും പ്രായവും അനുസരിച്ചാണ് മരത്തിന്റെ കാതൽ തിരഞ്ഞെടുക്കുന്നത്. മരം മുറിച്ച് സൈസാക്കി കട്ട് ചെയ്ത് ഏകദേശം ഒരു മാസം എങ്കിലും അത് അങ്ങിനെ തന്നെ ഇടണം. അതിന് ശേഷം മാത്രമേ ഇവ ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാനായി പാടുള്ളു. ഇങ്ങനെ ഇടുന്ന സമയത്താണ് മരത്തിന്റെ കറ പൂർണമായും പോകുകയുള്ളു. അല്ലാത്ത പക്ഷം ഇവ വേഗത്തിൽ പൊട്ടിപ്പോകും.

ഇന്ന് വിദേശത്ത് നിന്നും മരങ്ങൾ വീട് പണിക്കായി കൊണ്ടെത്തിക്കാറുണ്ട്. ഇവ പൊതുവെ കൂടിയ ചിലവിൽ ഉള്ളതാണ്. എന്നാൽ നമ്മുടെ വീടിന്റെ മുറ്റത്തും പറമ്പിലും മറ്റും കാണുന്ന മിക്ക മരങ്ങളും ഫർണിച്ചറുകൾക്കായി ഉപയോഗിക്കാവുന്നതാണ്. വാതിലിനും കട്ടിളയ്ക്കും ജനാലകൾക്കും കട്ടിലിനും ഡൈനിങ് ടേബിളിനും ചെയറിനും കബോർഡിനും സോഫയ്ക്കും  ഒക്കെയാണ് പൊതുവെ തടികൊണ്ടുള്ള ഫർണിച്ചറുകൾ ഉണ്ടാക്കുന്നത്. എന്നാൽ ഓരോ വീട്ടുകാര്യങ്ങളുടെയും ആഗ്രഹങ്ങൾക്കും സാമ്പത്തീകത്തിനും അനുസരിച്ച് മരം കൊണ്ടുള്ള വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ്. കാരണം മരം കൊണ്ടുള്ള ഫർണിച്ചറുകൾ പൊതുവെ ചിലവ് കൂടിയവയാണ്.

ഇനി വാതിലുകളും കട്ടിളകളുമൊക്കെ പണിയുമ്പോൾ മരത്തിന്റെ കട്ടിയിൽ മാറ്റം വരുത്തി ചിലവ് ചുരുക്കാവുന്നതാണ്. ചിലർ ഭിത്തിയുടെ അതേ വണ്ണത്തിലും വലിപ്പത്തിലും കട്ടിളകൾ ഒരുക്കാറുണ്ട്. ഇതിലും ആവശ്യാനുസരണം മാറ്റങ്ങൾ കൊണ്ടുവരാം. ഇതിൽ ഏറ്റവും കുറഞ്ഞ സൈസ് 4. . 3 ആണ്.  പൊതുവെ വീടിന്റെ പ്രധാന വാതിലിനായി ഏറ്റവും നല്ല തടികളും ഉള്ളിലെ വാതിലുകൾക്കും ജനാലകളുടെ കട്ടിളകൾക്കുമൊക്കെ കുറഞ്ഞ ക്വളിറ്റിയുള്ള തടികളുമാണ് ഉപയോഗിക്കുന്നത്.

വീടിനെ കൂടുതൽ ആകർഷകമാക്കുന്ന ഒരു ഘടകമാണ് ഫർണിച്ചർ. ഓരോ വീടിനായും ഫർണിച്ചർ വാങ്ങിക്കുമ്പോൾ ട്രെൻഡ് കൂടി പരിഗണിക്കേണ്ടതുണ്ട്. വുഡൻ ഫർണിച്ചറുകൾക്ക് ഒരുകാലത്തും ട്രെൻഡ് നശിക്കില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നതും മരം കൊണ്ടുള്ള ഫർണിച്ചറുകൾ തന്നെയാണ്. അതേസമയം ഇന്ന് തടി ഉപയോഗിച്ചുള്ള ഫർണിച്ചറുകൾക്ക് പകരം തടിയുടെ രൂപത്തിലുള്ള ചിലവ് കുറഞ്ഞ നിരവധി സാധനങ്ങൾ വിപണിയിൽ  ലഭ്യമാണ്. അതിനാൽ വീടിന്റെ എലിവേഷനും ഇന്റീരിയറിനും ഏറ്റവും കൂടുതൽ മാച്ച് ആകുന്ന രീതിയിലുള്ള ഫർണിച്ചറുകൾ വേണം തിരഞ്ഞെടുക്കാൻ. ഇതിനൊക്കെ പുറമെ ഇവയുടെ ക്വളിറ്റിയും ശ്രദ്ധിക്കേണ്ടതുണ്ട്.

വീടിന്റെ ഫർണിച്ചർ സെറ്റ് ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. വലിയ ചിലവ് ഇല്ലാതെ വീടുകളിൽ ഫർണിച്ചറുകൾ സെറ്റ് ചെയ്യാം. ഫർണിച്ചറുകളുടെ സ്ഥാനം നിർണ്ണയിക്കുമ്പോൾ ജനാലകളുടെ സ്ഥാനവും കൂടി ശ്രദ്ധിക്കണം. അനാവശ്യ ഫർണിച്ചറുകളും സാധനങ്ങളും വാങ്ങിക്കൂട്ടാതെ ആവശ്യത്തിനും ഉപകാര പ്രദവുമായ വസ്തുക്കൾ മാത്രം വീടിനകത്ത് ഉൾപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *