മോഡേൺ ഭവനങ്ങൾക്ക് വേണം സ്റ്റൈലിഷ് അടുക്കള

വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് അവയുടെ അടുക്കള. അടുക്കളയുടെ കാഴ്ചപ്പാട് പഴയതിൽ നിന്നും ഒരുപാട് മാറി പുതിയ രീതിയിലുള്ള ഓപ്പൺ കിച്ചണും ഐലന്റ് കിച്ചണുമൊക്കെ വന്നു കഴിഞ്ഞു. പണ്ട് കാലങ്ങളിൽ കൂടുതൽ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് അടുക്കള നിർമ്മിച്ചിരുന്നതെങ്കിൽ ഇന്നിപ്പോൾ അത് മാറി കൂടുതൽ ആകർഷണീയവും സുതാര്യവുമായിരിക്കുകയാണ് അടുക്കള.

വിറക് അടുപ്പും സ്റ്റവ് വെയ്ക്കാൻ മറ്റൊരു അടുപ്പും അടക്കം രണ്ട് അടുക്കളയാണ് പണ്ടൊക്കെ നിർമ്മിച്ചിരുന്നത്. എന്നാൽ ഇന്ന് ആ കാഴ്ചപ്പാടുകൾ മാറി  അടുക്കളയ്ക്ക് അകത്ത് തന്നെ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും പാചകം ചെയ്യാൻ ഒരിടവുമൊക്കെ വന്ന് കഴിഞ്ഞു. ഇതിന് പുറമെ അടുക്കളയോട് ചേർന്ന് വർക്ക് ഏരിയയും സ്റ്റോർ റൂമും ഒക്കെയുണ്ട്. എന്നാൽ അടുക്കളയെ വളരെയധികം കൃത്യമായി ഒരുക്കിയാൽ ഇതിന്റെ പോലും ആവശ്യം വരാറില്ല.

അടുക്കളയിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് സ്റ്റോറേജ് യൂണിറ്റ്. ഇത് ഈ ഭാഗത്തെ വൃത്തിയായി വെയ്ക്കാൻ സഹായിക്കും.  എന്നാൽ സ്റ്റോറേജ് യൂണിറ്റ് പണിയുമ്പോൾ കൂടുതലും മുകൾ ഭാഗത്ത് നിന്നും മാറ്റി താഴെ ഭാഗത്ത് വയ്ക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം. അതിന് പുറമെ ഇന്ന് ഫ്രിഡ്ജ്, ഓവൻ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇൻ ബിൽഡ് ആക്കി വയ്ക്കാനും കഴിയും ഇതും സ്ഥലപരിമിതിയെ ലാഭിക്കാൻ സഹായിക്കും.

കുറഞ്ഞ ചിലവിൽ ആവശ്യം മാത്രം കണക്കിലെടുത്ത് വളരെ സുന്ദരമായ അടുക്കള തയാറാക്കാൻ കഴിയും. ഇത്തരത്തിൽ ചിലവ് ചുരുക്കി മോഡുലാർ കിച്ചൺ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വളരെ ചെറിയ സ്ഥല പരിമിതിയിലും വളരെയധികം സാധനങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയുന്നു എന്നതാണ് മോഡുലാർ കിച്ചണിന്റെ ഒരു പ്രത്യേകത. അതിനൊപ്പം ഫ്രിഡ്ജ് പോലെ ഡോർ തുറന്ന് സാധനങ്ങൾ വയ്ക്കാനും എടുക്കാനും കഴിയുന്ന രീതിയിലുള്ള സ്റ്റോറേജ് യൂണിറ്റുകളും ഇന്ന് വീടുകളിൽ നിർമ്മിക്കാൻ സാധിക്കും.

അതിന് പുറമെ അടുക്കളയുടെ ഭംഗി നിലനിർത്താൻ  അടുക്കളയിൽ കൂടുതലും ഡാർക്ക് കളർ പെയിന്റാണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ വൈവിധ്യമാർന്ന കളറിലും അടുക്കള ഡിസൈൻ ചെയ്യാറുണ്ട്. അടുക്കളയിൽ  വൈറ്റ് കളർ പെയിന്റ് ചെയ്യുന്നത് വേഗത്തിൽ മുഷിയുന്നതിനും കാരണമാകും. അതുകൊണ്ടുതന്നെ പലപ്പോഴും ഡാർക്ക് കളർ, അല്ലെങ്കിൽ മങ്ങിയ കളർ പെയിന്റാണ് അടുക്കളയിൽ ഉപയോഗിക്കുന്നത്. എന്നാൽ ഇത് നമ്മുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.

വീട് പണിയുമ്പോൾ അടുക്കള ആവശ്യത്തിന് സ്ഥല സൗകര്യങ്ങളോടെ വേണം നിർമ്മിക്കാൻ. വളരെ ചെറിയ അടുക്കള പണിതാൽ കൂടുതൽ ആളുകൾക്ക് ഒരേ സമയം നിന്ന് ജോലിചെയ്യാൻ സാധ്യമാകില്ല. വീട്ടിലെ ആളുകളുടെ എണ്ണം അനുസരിച്ച് വേണം അടുക്കള ഒരുക്കാൻ. അതേസമയം ഇന്ന് ചെറിയ അടുക്കളകൾ പണിത് അധികം മൂവ് ചെയ്യാതെ സാധനങ്ങൾ എല്ലാം ഒരേ പൊസിഷനിൽ നിന്നുകൊണ്ട് എടുക്കുന്നതിനായി ചെറിയ അടുക്കളകൾ പണിയുന്നവരും നിരവധിയുണ്ട്. അതിനാൽ വീട് പണിയുന്നതിന് മുൻപായി നമ്മുടെ ആവശ്യാനുസരണം കൃത്യമായ ഒരു പ്ലാൻ തയാറാക്കണം. അതിനൊപ്പം വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ അടുക്കളയുടെ നിർമ്മാണ വസ്തുക്കളുടെ കാര്യത്തിലും കൃത്യമായ ധാരണ ഉണ്ടാവണം.


വീടിന്റെ ഏറ്റവും അത്യാവശ്യ സ്ഥലങ്ങളിൽ ഒന്നാണ് അടുക്കള. അതുകൊണ്ടുതന്നെ അടുക്കള പണിയുമ്പോൾ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. അടുക്കളയിലെ നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോഴും ഈ ശ്രദ്ധയും മറ്റും ആവശ്യമാണ്. വീട് പണിയാൻ എത്രത്തോളം കരുതൽ ആവശ്യമാണോ അതേ കരുതലും ശ്രദ്ധയും തന്നെ ആവശ്യമാണ് അടുക്കളയുടെ കാര്യത്തിലും. കാരണം ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം അടുക്കളയാണ്.

Leave a Reply

Your email address will not be published. Required fields are marked *