ന്യൂയോർക്കിലെ നാടൻ അടുപ്പിൽവച്ച തനി നാടൻ കോഴിക്കറി അറിയാം വ്യത്യസ്തമായൊരു റെസിപ്പി

ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നടുഭാഗം തിന്നണം എന്നാണ് ചൊല്ല് എന്നിരുന്നാലും നാട്ടിൽ നിന്ന് എത്ര ദൂരെയാണെങ്കിലും നാടൻ രുചിയിൽ നാട്ടു വിഭാഗങ്ങളും പലർക്കും ഒരു നൊസ്റ്റാൾജിയ ആണ്. വിദേശ നാട്ടിലെ മോഡേൺ ഭക്ഷണശൈലികൾക്കിടയിലും സമയം കിട്ടിയാൽ നാടൻ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നവരാണ് പലരും പ്രത്യേകിച്ച് മലയാളികൾ. ന്യൂയോർക്കിൽ ഇരുന്ന് നമ്മുടെ തനി നാടൻ ചിക്കൻ കറി ഉണ്ടാക്കുന്നതെങ്ങനെയെന്നാണ് ഇവിടെ കാണിക്കുന്നത്. ഒപ്പം ന്യൂയോർക്കിലെ വീട്ടുവിശേഷങ്ങളും ഈ പാചക വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.

തനി നാടൻ ചിക്കൻ കറി എന്ന് പറയുമ്പോഴും കുറച്ചു വ്യത്യസ്തമായ ഒരു റെസിപ്പി ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തേങ്ങ വറുത്തരച്ചും പാലെടുത്തും മസാലക്കൂട്ടുകൾ വറുത്തും ചിക്കനൊപ്പം ചേർത്ത് വ്യത്യസ്തമായ ഒരു രുചിയാണ് ഈ ചിക്കൻ കറിക്ക് നൽകിയിട്ടുള്ളത്. അതിനു വേണ്ട ചേരുവകൾ എന്തെല്ലാം എന്നും പാചകരീതിയും ഇനി നോക്കാം. രണ്ടരക്കിലോ നാടൻ ചിക്കൻ കറി വയ്ക്കാൻ ഉള്ള കൂട്ടുകൾ ആണ് ഇവിടെ പറയുന്നത്. ഓരോരുത്തരും എടുക്കുന്ന ചിക്കന്റെ അളവിന് അനുസരിച്ച് ഇവിടെ പറഞ്ഞിരിക്കുന്ന കൂട്ടുകൾ അധികമോ കുറവോ ചേർക്കാം. ആദ്യം ചിക്കനിലേക്ക് ചേർക്കാനുള്ള തേങ്ങ എടുക്കാം. തേങ്ങ കുറച്ച് വരുത്തും ബാക്കിയുള്ളതിന്റെ പാലുമാണ് ചേർക്കുന്നത്. തേങ്ങ വറുക്കുന്നതിന് കുറച്ചു വെളിച്ചെണ്ണ ഉരുളിയിലേക്ക് ഒഴിച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് ഏഴ് ടേബിൾ സ്പൂൺ മല്ലി ചേർക്കുക എരുവിന് അനുസരിച്ച് ഉണക്കമുളകും ചേർക്കാം രണ്ട് ടേബിൾ സ്പൂൺ കുരുമുളക്, പെരുംജീരകം, ഏലക്കായ, തക്കോലം, കറുവപ്പട്ട, കരയാമ്പൂ തുടങ്ങിയ മസാലക്കൂട്ടുകളും ചേർത്തു കൊടുക്കാം. കൂട്ടുകൾ ചൂടായി വരുമ്പോൾ അതിലേക്ക് തേങ്ങ ചേർത്ത് ഇളക്കി കൊടുക്കാം. തേങ്ങ മൊരിഞ്ഞ് നല്ല ഗോൾഡൻ കളർ ആകുമ്പോൾ അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ മഞ്ഞൾപൊടി ചേർത്ത് മറ്റൊരു പാത്രത്തിലേക്ക് കോരി വയ്ക്കാം. ഇനി ഈ കൂട്ട് നല്ല പേസ്റ്റ് പരുവത്തിൽ മിക്സിയിൽ അടിച്ചെടുക്കാം. ഇനി കറിയിലേക്കുള്ള സവാള വഴറ്റിയെടുക്കാം.ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം രണ്ടു വലിയ സവാള അരിഞ്ഞത്, രണ്ടു ഉണ്ട വെളുത്തുള്ളി, ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് ഇളക്കി കൊടുക്കാം. പച്ചമുളകും വേപ്പിലയും കുടിച്ചേർത്തു നല്ല ഗോൾഡൻ കളർ ആവുന്നത് വരെ ഇളക്കി കൊടുക്കാം. ഇനി അതിലേക്ക് കഴുകി വച്ചിരിക്കുന്ന ചിക്കനും കുറച്ച് ഉപ്പും ചേർത്ത് കൊടുക്കാം. ചിക്കൻ നന്നായി ഇളക്കി ചട്ടിയിലെ കൂട്ട് മുഴുവൻ അതിൽ പിടിപ്പിക്കണം. ശേഷം കുറച്ച് നേരം മൂടി വയ്ക്കാം.ഇനി അതിലേക്ക് നേരത്തെ വറുത്ത് അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുക്കാം കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി അടച്ചു വെക്കാം. കറി നന്നായി തിളച്ചു വരുമ്പോൾ വേണമെങ്കിൽ കുറച്ച് ഏത്തക്കായ കുടി ചേർത്ത് കൊടുക്കാം. കറി വെന്തതിന് ശേഷം എടുത്തു വെച്ചിരിക്കുന്ന തേങ്ങാ പാൽ കൂടെ അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കി കൊടുക്കാം. വേണമെങ്കിൽ പുളിക്കു വേണ്ടി കുറച്ച് വിനാഗിരിയും ചേർത്ത് കൊടുക്കാം. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല നാടൻ ചിക്കൻ കറി തയ്യാറായിക്കഴിഞ്ഞു.


തേങ്ങാപ്പാലും വറുത്തരച്ച തേങ്ങയും ചേർത്തതിനാൽ നല്ല കുറുകിയ ചാറും ഒപ്പം ഒരു സൂപ്പർ ടേയ്സ്റ്റും കറിക്ക് ലഭിക്കും. ചോറിനൊപ്പമൊ ചപ്പാത്തിക്കൊ അപ്പത്തിനൊപ്പമോ ബ്രെഡ്ഡും കൂട്ടിയോ നല്ല രുചിയോടെ ഈ വിഭവം കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *