മണ്ണും കുമ്മായവും ഉപയോഗിച്ച് ഒരുക്കിയ ഒരു അടിപൊളി വീടിതാ
മണ്ണും കുമ്മായവും ഉപയോഗിച്ച് പണിയുന്ന വീടുകൾ പലപ്പോഴും കാഴ്ചയിലും വ്യത്യസ്തമായിരിക്കും. സിമെന്റ് ഉപയോഗിക്കുന്നതിന് പകരം മണ്ണും കുമ്മായവും ഉപയോഗിച്ച് പണികഴിപ്പിച്ചിരിക്കുന്ന ഈ വീട് പ്രകൃതിയോട് വളരെയധികം ഇണങ്ങിയാണ് ഒരുക്കിയിരിക്കുന്നത്. വളരെയധികം പ്രകൃതി സൗഹാർദ പരമായി നിർമ്മിച്ച ഈ വീടിന്റെ പേര് ചെമ്പകശ്ശേരി എന്നാണ്. ശാന്തിലാൽ എന്ന ആർകിടെക്റ്റാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.
പ്രകൃതിയെ നോവിക്കാതെ ഒരുക്കിയ വീട് പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ വെട്ടുകല്ലും മണ്ണും ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. മഡ് പ്ളാസ്റിങ് നൽകിയ ഈ വീട് വീടിനകത്ത് ആവശ്യത്തിന് തണുപ്പ് നൽകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പടിപ്പുര കടന്ന് വീടിനകത്തേക്ക് ഒരു മനോഹരമായ എൻട്രൻസ് ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു എൻട്രൻസും ഈ വീടിന്റെ മറ്റൊരു ഭാഗത്തായി ഒരുക്കിയിട്ടുണ്ട്. ഇത് വാഹനത്തിന് കയറുന്നതിനും മറ്റുമൊക്കെയായി ഒരുക്കിയ വഴിയാണ്.
പ്ലോട്ടിന്റെ ലെവലിന് വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പഴയകാല വീടുകളുടെ ഓർമ്മകൾക്ക് പുറമെ പ്രകൃതിയെ വേദനിപ്പിക്കാതെയാണ് ഈ വീട് ഒരുക്കിയത്. മണ്ണിനൊപ്പം ഉലുവ, കടുക്ക, കുമ്മായം, ശർക്കര ഒക്കെ ഇട്ട് റെഡിയാക്കിയാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. പണ്ടത്തെ വീടുകളിൽ കണ്ടിരുന്ന നാല് പാളികൾ ഉള്ള വാതിലുകളാണ് ഈ വീടിനും ഉപയോഗിച്ചിരിക്കുന്നത്. ഇത് വെന്റിലേഷനും വെളിച്ചത്തിനും കൂടുതൽ പ്രാധാന്യം നൽകിയാണ് ഒരുക്കിയത്.
ഫർണിച്ചറുകൾ ഇല്ലാത്ത ലിവിങ് ഏരിയ എന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ലിവിങ് ഏരിയയിൽ ലെവൽ ഡിഫറൻസ് കൊടുത്തുകൊണ്ടുതന്നെയുള്ള തിണ്ണകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിനാൽ ഇരിപ്പിടങ്ങളായും മറ്റുമൊക്കെ ഈ തിണ്ണകളാണ് ഉപയോഗിക്കുന്നത്. ബാംബു ഷീറ്റുകളും ഈ വീടിനായി ഉപയോഗിച്ചിട്ടുണ്ട്. വളരെയധികം സ്പേഷ്യസും സുന്ദരവുമായാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പഴയ വീട്ടിൽ ഉണ്ടായിരുന്ന സ്റ്റെയർ കേസാണ് ഈ വീടിനും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ വീടിന് അനുയോജ്യമായ രീതിയിൽ ഈ വീടിനേയും മാറ്റിയിട്ടുണ്ട്. പഴയ മച്ചുകളുടെ ഓർമ്മകൾ തരുന്ന സീലിങ്ങും ഈ വീടിനുണ്ട്. വീടിന്റെ മധ്യഭാഗത്തായി ഒരുക്കിയിരിക്കുന്ന കോർട്ടിയാട് വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഈ കോർട്ടിയാടിലേക്ക് നേരിട്ട് മഴവെള്ളം പോലും ലഭിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം.
പുറമെ നിന്ന് നോക്കുമ്പോൾ വളരെ പഴയ രീതിയിലുള്ള ഒരു വീടാണെന്ന് തോന്നുമെങ്കിലും അകത്ത് കയറിയാൽ വളരെ മനോഹരമായ അത്യാധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് വെളിച്ചവും കാറ്റും ലഭിക്കുന്ന രീതിയിൽ നിരവധി ജനാലകളും ഈ വീടിനുണ്ട്. പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ഭൂമിയിലേക്ക് അലിഞ്ഞ് ചേരാൻ കഴിയുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ചിലവ് കുറയ്ക്കുന്നതിന് പുറമെ വീടിനകത്ത് തണുപ്പ് നിലനിർത്തുന്ന നിർമ്മിതിയാണ് ഈ വീടിനുള്ളത്. ഏകദേശം 32 ലക്ഷം രൂപ മുടക്കിയാണ് ഈ വീടൊരുക്കിയത്.
കിടപ്പ് മുറികളും വളരെ ആകർഷകമായാണ് ഒരുക്കിയിരിക്കുന്നത്. ഇൻ ബിൽഡ് ആയുള്ള കിടക്കയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ടേബിളും ഇൻ ബിൽഡായാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഒരേ സമയം തീൻ മേശയായും സ്റ്റോറേജ് സ്പേസായും ഉപയോഗിക്കാം. ബയോഗ്യാസ് ഇവിടെ നിർമ്മിക്കുന്നതിനാൽ ഈ വീട്ടിലെ പാചക ആവശ്യത്തിനുള്ള ഗ്യാസും ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. തൂണുകളിലും ചില ഭാഗങ്ങളിലും ഇന്റീരിയറിന്റെ ഭാഗമായി കയറാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ മനോഹരമായ ഇന്റീരിയർ ഡിസൈനാണ് ഈ വീടിനായി ഒരുക്കിയിരിക്കുന്നത്.