മനസിനും ശരീരത്തിനും സന്തോഷം പകർന്ന് ഒരു അത്ഭുത വീട്
തലശേരി കുയ്യാലി പുഴയുടെ തീരത്തുള്ള ഈ വീട് ഒരേസമയം മനസിനും ശരീരത്തിനും സന്തോഷം പകരുന്ന ഒരു അത്ഭുത വീടാണ്. സതീഷ് വസന്ത ദമ്പതികളുടെ ഈ സുന്ദര ഭവനത്തിൽ എത്തുന്നവർ എല്ലാം മറന്ന് ഒരു നിമിഷം ഇവിടെ ഇരുന്ന് പോകും. അത്രമേൽ മനോഹരമാണ് ഈ വീട്. പുഴയോട് ചേർന്നുള്ള ഈ വീടിന്റെ ഉമ്മറത്തിരുന്നാൽ മനോഹരമായ കാറ്റും പ്രകൃതിയുടെ നൈർമല്യവുമെല്ലാം നമ്മളിലേക്ക് ഒഴുകിയെത്തും.
1500 സ്‌ക്വയർ ഫീറ്റിലുള്ള പുഴക്കര എന്ന് പേരിട്ടിരിക്കുന്ന ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് പ്രമുഖ ഇന്റീരിയർ ഡിസൈനറായ ജയൻ ബിലാത്തികുളമാണ്. ഫാമിലിയായി താമസിക്കുന്നതും ഗസ്റ്റ് ഹൗസും ഫാം ഹൗസുമൊക്കെയി വീടും പല രീതിയിൽ ഉണ്ട്. അത്തരത്തിൽ ഇടവേളകളിലും അവധി ദിവസങ്ങളിലുമൊക്കെ ഓടിയെത്താൻ കഴിയുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഒരു ഗസ്റ്റ് ഹൗസാണ് ഈ വീട്.
ഒന്നര ഏക്കറിൽ പണികഴിപ്പിച്ച ഈ വീടിനെ കൂടുതൽ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് പുഴക്കരയിൽ ഒരുക്കിയ പടിപ്പുരയും, ഈ ലാൻഡ്‌സ്‌കേപ്പിൽ ഉള്ള ചെങ്കലിൽ ഒരുക്കിയ തറയും, എൻട്രൻസ് ഭാഗത്തെ ഗേറ്റ് എന്നിവയൊക്കെയാണ്. മണ്ണിന്റെ നിറത്തിലുള്ള ഈ മതിലുകളിൽ മുഴുവൻ ഫെറോ സിമെന്റ് ആണ് ചെയ്‌തിരിക്കുന്നത്. ലാൻഡ് സ്‌കേപ്പിൽ കൂടുതലും കരിങ്കല്ല് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ലാൻഡ് സ്കേപ്പിന്റെ ഡവലപ്പിനായി കൂടുതൽ ചെടികളും ഒരുക്കിയിട്ടുണ്ട്.
മനോഹരമായ പടിപ്പുര കടന്ന് അകത്തേക്ക് കയറിയാൽ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്. നിരവധി ചെടികളും മരങ്ങളും കണ്ണിന് കുളിർമ്മ നൽകുന്നതിന് പുറമെ മനസിന് ആശ്വാസവും പകരുന്നുണ്ട്. വലിയ കരിങ്കൽ പാളികളിൽ ഒരുക്കിയ ഡ്രൈവേയിലൂടെ നടന്നാൽ ഇത് നമ്മെ എത്തിക്കുന്നത് രണ്ട് വഴികളിലേക്കാണ്. ഒരു വഴിയിലൂടെ നടന്നാൽ വീടിനകത്തേക്കും മറ്റ് ഭാഗത്തൂടെ നടന്നാൽ കുളിക്കാനായി ഒരുക്കിയ കുളിപ്പുരയിലേക്കുമാണ് നമ്മെ എത്തിക്കുന്നത്. ഇരുനിലയായി തീർത്ത കുളിപ്പുരയിലൂടെയാണ് പുഴയിലേക്ക് ഇറങ്ങുന്നത്. ഇതിനകത്ത് മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ നിർമ്മിച്ച സ്റ്റെപ്പ് കയറി മുകളിൽ എത്തിയാൽ പുഴയുടെ സുന്ദര കാഴ്ചകൾക്കൊപ്പം മനോഹരമായ അനുഭവമാണ് അവിടെ കാത്തിരിക്കുന്നത്.
മണ്ണിൽ മെനഞ്ഞെടുത്തത് പോലെ തോന്നുന്ന ചുറ്റുമതിലും കുളിപ്പുരയും ഇഷ്ടിക കൊണ്ട് നിർമ്മിച്ചതാണ്. മതിലിന് അലങ്കാരമായി റാന്തൽ വിളക്കുകളും സിമെന്റിൽ തീർത്ത മനോഹര അലങ്കാരങ്ങളും കാണാം. പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഇവിടെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
ചെങ്കലിൽ തീർത്ത വാട്ടർ ബോഡിയും പുൽത്തടികിയ്ക്ക് അടുത്തായി ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഇടത് ഭാഗത്തായി ഓപ്പൺ ടൈപ്പ് ഗസീബോയും ഒരുക്കിയിട്ടുണ്ട്. ഓലകൊണ്ട് മേഞ്ഞാണ് വൃത്താകൃതിയിൽ ഗാസിബോ ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ തനതായ ശൈലിയിൽ ഒരുക്കിയതാണ് ഈ വീട്. ഇതിന് മാറ്റ് കൂട്ടാൻ ഫെറോ സിമെന്റിൽ തീർത്ത തൂണുകളും ഓടും തൂളിമാനവുമെല്ലാം ഒരുക്കിയിട്ടുണ്ട്. കോൺക്രീറ്റ് സ്ളാബ് ഉപയോഗിക്കാതെ പൂർണ്ണമായും ഓടിലാണ് മേൽക്കൂര ഒരുക്കിയിരിക്കുന്നത്. പഴയ തറവാട് വീടുകളിലേത് പോലെ രണ്ട് സൈഡിലും വലിയ നീളത്തിലുള്ള വരാന്ത ഒരുക്കിയിട്ടുണ്ട്. വീടിനകത്തെ ഇന്റീരിയറിന് അധികം പ്രാധാന്യം നൽകിയിട്ടില്ല. കൂടുതലും ഈ വീടിന്റെ എക്സ്റ്റീരിയറിനാണ് പ്രാധാന്യം നല്കിയിരിക്കുന്നത്.
പ്രധാന വാതിൽ തുറന്ന് കയറുന്നത് ഒരു ഫോയർ സ്‌പേസിലേക്കാണ്. ലിവിങ് റൂം ഇല്ലാതെയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട് കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്. പഴയ തറവാട് വീടിന്റെ ഭംഗിയിൽ മാറ്റിയെടുത്ത ഈ വീട് മുൻപ് ഒരു വിറക് പുര ആയിരുന്നു എന്നതും ഏറെ അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്.