സുന്ദരവും സുരക്ഷിതവുമായ ഈ വീടിനുണ്ട് ഒരുപാട് പ്രത്യേകതകൾ
വളരെ ഒതുക്കമുള്ള ഒരു സുന്ദര ഭവനം. വെറും 25 ലക്ഷം രൂപയിൽ താഴെ മാത്രം ചിലവ് വന്ന ഈ വീട് തൃപ്പുണിത്തറ ഹിൽ പാലസിന് സമീപത്താണ്. ടോജൻ റ്റെജി ദമ്പതികളുടേതാണ് ഈ വീട്. 17 സെൻറ് പ്ലോട്ടിൽ ഉയർന്ന് നിൽക്കുന്ന ഈ വീട് 1700 സ്ക്വയർ ഫീറ്റിലാണ്. ഭംഗിയുള്ളതും ശാന്ത സുന്ദരവുമായ ഒരു വീടാണ് ഇത്. വലിയ മരങ്ങൾക്ക് നടുവിലായി തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന ഈ കൊച്ചു വീട് കേരള ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 17 സെന്റിലായതിനാൽ വീടിന് മുന്നിൽ ആവശ്യത്തിന് മുറ്റവും ഒരുക്കിയിട്ടുണ്ട്. റോഡിൽ നിന്നും മണ്ണിട്ട് ഉയർത്തിയ രീതിയിലാണ് പ്ലോട്ടുള്ളത്.
പച്ചപ്പ് നിറഞ്ഞ പ്രദേശത്തിന് നടുവിലായാണ് ഈ സുന്ദര ഭവനം. ഓട് പാകിയ മേൽക്കൂരയിൽ തൂളിമാനവും ഒരുക്കിയതിനാൽ വീടിന് കേരള ഭംഗിയും ലഭിക്കുന്നുണ്ട്. വീടിന് ഉയരം കുറച്ചതിനാൽ ചിലവ് കുറയാനും സാധിച്ചു. വീടിന്റെ മുൻവശത്ത് രണ്ട് ഭാഗങ്ങളിലായി വരാന്തകൾ ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് ചെറിയ അരഭിത്തി കെട്ടി ടൈൽസും ഇട്ടിട്ടുണ്ട്. ഇവിടെ ഇരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വീടിന്റെ വലത് ഭാഗത്തായാണ് കാർ പോർച്ച് ഒരുക്കിയത്. ഈ ഭാഗത്തേക്ക് ഇറങ്ങാനും വരാന്തയിൽ ഒരു ഓപ്പണിങ് ഒരുക്കിയിട്ടുണ്ട്.
കരിവേലകം ഉപയോഗിച്ചുള്ള മണിച്ചിത്രത്താഴ് മോഡലിൽ ഉള്ള മനോഹരമായ പ്രധാന വാതിലാണ് ഒരുക്കിയിരിക്കുന്നത്. സിംപിൾ ഡിസൈനോട് കൂടിയാണ് ജനാലകളും നിർമ്മിച്ചിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് കയറുന്നത് മനോഹരമായ ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ ഒരുക്കിയിരിക്കുന്ന ഫർണിച്ചറുകളും തടി കൊണ്ടുള്ളതാണ്. വിട്രിഫൈഡ് ടൈൽസുകളാണ് വീടിന്റെ ഫ്ലോറിനായി ഒരുക്കിയിരിക്കുന്നത്. ലിവിങ് ഏരിയയിൽ ചൂരൽ കൊണ്ടുള്ള സുന്ദരമായ കസേരകളും ഇട്ടിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും അകത്തേക്ക് വരുന്ന ഭാഗത്തായി ഒരുക്കിയിരിക്കുന്ന സൈഡ് കോർട്ടിയാടാണ് വീടിനെ കൂടുതൽ അഴകുള്ളതാക്കി മാറ്റുന്നത്. ഇവിടേക്ക് ആവശ്യത്തിന് കാറ്റും വെളിച്ചവും മഴയും ലഭിക്കുന്ന രീതിയിലാണ് നിർമ്മാണം. കോർട്ടിയാടിന് ചുറ്റും വരാന്തയും ഉണ്ട്. റസ്റ്റിക് കോട്ടിങ് നൽകിയതിനാൽ ഇവിടേക്ക് മഴ പെയ്യുമ്പോൾ വീഴുന്ന വെള്ളം വീടിനും വീട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കില്ല.
ഭിത്തികളിൽ ആന്റിക് വൈറ്റും ഇന്റീരിയറിൽ മഷ്റൂം കളറുമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ മുറികളുടെയും സീലിങ്ങിൽ കോർണിഷ് വർക്ക് ചെയ്തിട്ടുണ്ട്. ലിവിങ് റൂമിന്റെ ഇടത് വശത്തായി ഒരു ഫോയർ ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രാർത്ഥന സൗകര്യവും ഒരുക്കിയിരിക്കുന്നത്. ഇവിടെ ഉയരം കുറച്ച റൂഫ് ഒരുക്കിയിരിക്കുന്നതിനാൽ ആവശ്യത്തിന് സ്റ്റോറേജ് സ്പേസും ഒരുക്കാൻ സാധിച്ചു. ഫോയറിന്റെ വലത് ഭാഗത്തായി കിഡ്സ് ബെഡ് റൂമും ഇടത് ഭാഗത്തായി മാസ്റ്റർ ബെഡ്റൂമും ഒരുക്കിയിട്ടുണ്ട്.
ഡൈനിങ് ഏരിയയോട് ചേർന്നാണ് ഗസ്റ്റ് ബെഡ് റൂം ഒരുക്കിയത്. തടിയിൽ തീർത്ത ബെഡിന് പുറമെ മേശയും അലമാരയും ഒരുക്കിയിട്ടുണ്ട്. ഭിത്തിയ്ക്ക് ഉള്ളിലായാണ് ഇവിടുത്തെ കബോർഡ് ഉള്ളത്. ഫൈബർ ഡോറാണ് ബാത്റൂമുകൾക്ക്. ക്രോസ് വെന്റിലേഷൻ സൗകര്യങ്ങളും മുറികളിൽ ഉണ്ട്. കിഡ്സ് ബെഡ്റൂമിലെ ജനാല തുറക്കുന്നത് കോർട്ടിയാടിലേക്കാണ്. ഇവിടുത്തെ ജനാലകൾ ഭിത്തിയ്ക്ക് പുറത്തായാണ് ഒരുക്കിയിരിക്കുന്നത്. ഈ രീതി നൽകിയതിനാൽ കട്ടിളയ്ക്ക് ബലക്കുറവ് ഉണ്ടാകില്ല എന്ന് മാത്രമല്ല ഇത് കൂടുതൽ സുരക്ഷിതത്വവും നൽകുന്നുണ്ട്. ഡൈനിങ്ങിന്റെയും ഫോയറിന്റെയും പ്രവേശന കവാടങ്ങൾക്ക് സിമെന്റിൽ തീർത്ത ബോർഡർ ഡിസൈൻ ഉണ്ട്. മനോഹരമായ ഓവൽ ഡൈനിങ് ടേബിളാണ് ഇവിടെ ഉള്ളത്. ഒരു വശത്തായാണ് വാഷ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ഇതിനോട് ചേർന്നാണ് അടുക്കള.