ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്ക് ഒരുക്കിയ ഒരു കൊച്ചുവീട്
സുരക്ഷിതമായ വാസസ്ഥലത്തിനപ്പുറം ഏറ്റവും അധികം സന്തോഷവും സമാധാനവും തരുന്ന ഒരിടം കൂടിയാണ് വീട്. അതുകൊണ്ട് തന്നെ വീട് നിർമ്മാണത്തിൽ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കണം. സുരക്ഷിതമായും സമാധാനമായും കയറികിടക്കാൻ ഒരിടം ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്നതാണ് ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ച ഈ വീട്. ഹാബിറ്റാറ്റ് ടെക്നോളജീസ് ഗ്രൂപ്പ് ആണ് ഈ ചിലവ് കുറഞ്ഞ വീട് പണിതിരിക്കുന്നത്.
360 ചതുരശ്ര അടിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ചെങ്കലിൽ ഫൗണ്ടേഷൻ ചെയ്തിരിക്കുന്ന ഈ വീട് സിമെന്റ് ബ്ലോക്കിലാണ് ഭിത്തി കെട്ടിപൊക്കിയിരിക്കുന്നത്. പുറം ഭാഗം പ്ലാസ്റ്റർ ചെയ്തിട്ടില്ല. പക്ഷെ വീടിന്റെ ഉൾഭാഗം പ്ലാസ്റ്റർ ചെയ്ത് സുന്ദരമാക്കിയിട്ടുണ്ട്. ഈ വീടിന്റെ വാതിലുകളും ജനാലകളും തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ബാത്റൂമിലെ കതക് സിന്റെക്സിലാണ് ഒരുക്കിയിരിക്കുന്നത്. ഫില്ലർ സ്ളാബ് ടെക്നോളജി ഉപയോഗിച്ച് വാർത്തിരിക്കുന്ന ഈ വീട് ചിലവ് കുറയ്ക്കാനും അതുപോലെ വീടിനകത്ത് കൂളിംഗ് നിലനിർത്താനും സഹായിക്കും. ഫ്ളോറിങ് സിമെന്റ് ഉപയോഗിച്ചാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.
മുൻവശത്തുള്ള ചെറിയ സിറ്റൗട്ടിൽ നിന്നും കയറുന്നത് ഹാളിലേക്കാണ്. ഇതിന്റെ ഒരു ഭാഗത്തായി ബെഡ് റൂമും ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം സൗകര്യത്തോടെയാണ് കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. അടുക്കളയിലും ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചിലവിൽ ഒരുക്കിയ വീടിന്റെ ലിവിങ് ഏരിയ തന്നെയാണ് ഡൈനിങ് ഏരിയ ആയും പ്രവർത്തിക്കുന്നത്. ലഭ്യമായ വസ്തുക്കൾ പരമാവധി ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ലളിതവും സുന്ദരവുമായ ഒരു വീട് നിർമ്മിക്കാനുള്ള ഒരു മാതൃക കൂടിയാണ് ഈ ഭവനം. പിന്നീട് ആവശ്യാനുസരണം വീട് മോടി പിടിപ്പിക്കാനും കൂട്ടി ചേർക്കാനും സാധിക്കുന്ന രീതിയിലാണ് വീടിന്റെ പണി.
ഹാബിറ്റാറ്റ് ഗ്രൂപ്പാണ് ഈ ചിലവ് കുറഞ്ഞ മനോഹര വീടെന്ന ആശയത്തിന് പിന്നിൽ. നാല് ലക്ഷം രൂപയിൽ ഒരുങ്ങിയ മനോഹര ഭവനങ്ങളും, രണ്ടര ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീടുമൊക്കെ മുൻപ് ഹാബിറ്റാറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ബജറ്റിൽ പണിത അത്യഗ്രൻ വീട് പക്ഷെ ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. നാല് ലക്ഷം രൂപ മുതൽ മുടക്കിൽ പണിത വീട് 400 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കിടപ്പു മുറികളും, അടുക്കളയും, ബാത്റൂമും അടങ്ങുന്നതാണ് ഈ കൊച്ചുവീട്. കിടപ്പുമുറികളിൽ ഒരുഡബിൾ കോട്ട് കിടക്കയും, അലമാരയും മേശയും ഇടാനുള്ള സ്ഥലം ലഭിക്കും. ലൈറ്റ്, ഫാൻ, പ്ലഗ് പോയിന്റ് തുടങ്ങി അത്യവശ്യത്തിനുള്ള ഇലക്ട്രിക് പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.
അതേസമയം ഈ വീടിന്റെ നിർമാണ രീതിയിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനും സാധിക്കും. വീട് നിർമ്മിക്കുന്നവരുടെ സാമ്പത്തീക സ്ഥിതിക്കനുസരിച്ച് ഇതിൽ ചെറുതോ വലുതോ ആയ മാറ്റങ്ങൾ വരുത്താനും വീട് കൂടുതൽ മനോഹരമാക്കാനും സാധിക്കുമെന്നാണ് ഫാബിറ്റാറ്റ് ഗ്രൂപ്പ് അവകാശപ്പെടുന്നത്.
സാമ്പത്തീകത്തിനൊപ്പം സ്ഥലപരിമിതിയും ഇപ്പോൾ വീട് പണിയാൻ ഒരുങ്ങുന്നവർക്ക് മുൻപിൽ വില്ലനായി നിൽക്കാറുണ്ട്. അത്തരക്കാരായ സാധാരണക്കാരുടെ ഭവന സങ്കൽപ്പങ്ങൾക്ക് നിറം പകരുകയാണ് ഈ ഭവനം. അതുകൊണ്ടുതന്നെ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചിലവിൽ ഒരു വീട് പണിയുക എന്നത് തന്നെയാണ് ഇക്കാലത്തെ ആർക്കിടെക്റ്റ് മാരുടെ പ്രധാന വെല്ലുവിളിയും. എന്നാൽ ഈ പ്രശ്നങ്ങളെയെല്ലാം ഏറ്റവും കൃത്യമായ പ്ലാനിങ്ങിലൂടെ നേരിട്ട് കൈയടി വാങ്ങിയിരിക്കുകയാണ് ഈ കൊച്ചു വീടും അതിന് പിന്നിൽ പ്രവർത്തിച്ചവരും. വീട് സ്വപ്നം കാണുന്നവർക്ക് സാമ്പത്തികം ഒരു വില്ലനാകില്ല എന്നു കൂടി പറഞ്ഞ് വയ്ക്കുന്നുണ്ട് ഈ വീട്.