വീട് പണിയുമ്പോൾ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുണങ്ങൾ നിരവധിയാണ്

വീട് പണി ആരംഭിയ്ക്കുന്നതിന് മുൻപും വീട് പണി നടക്കുമ്പോഴും വീട്ടിൽ താമസം  ആരംഭിച്ച് തുടങ്ങിയതിന് ശേഷവുമൊക്കെ നാം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.  വീട് ഒരുക്കുമ്പോൾ ഓരോ റൂമിനും വേണ്ട ജനാലയുടെ അളവും എണ്ണവും മറ്റും തിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണ്. നമുക്ക് മുറികളിൽ ലഭിക്കേണ്ട  കാറ്റിന്റെയും വെളിച്ചത്തിന്റെയും ആവശ്യം അനുസരിച്ചാണ് ഇത് ക്രമപ്പെടുത്തുന്നത്. എന്നാൽ ഒരു മുഴുവൻ വീടിന്റെ 20 ൽ ഒരു ശതമാനം ജനാലകൾ വേണം എന്നാണ് പറയപ്പെടുന്നത്. അതേസമയം വലിയ മുറികളിലും ഹാളിലും അടുക്കളയിലുമൊക്കെ ജനാലകൾ പണിയുന്നത് കാറ്റും വെളിച്ചവും ലഭ്യമാകുന്നതിന് വേണ്ടിയാണ് അതിനാൽ ഇവ പകൽ സമയങ്ങളിൽ തുറന്നിടാൻ ഏറെ ശ്രദ്ധിക്കണം.

ഇന്ന് എല്ലാ വീടുകളിലും കണ്ടുവരുന്ന ഒന്നാണ് കബോർഡുകളും വാർഡ്രോബുകളും. സാധാരണയായി മറൈൻ ഫ്ലൈ വുഡും നാച്ചുറൽ വുഡും ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. എന്നാൽ ഇന്ന് വിപണിയിൽ പിവിസി സീറ്റുകളും എം ഡി എഫ് മെറ്റീരിയലുകളും ഇതിന് വേണ്ടി ലഭ്യമാണ്. കബോർഡുകൾക്ക് കൂടുതൽ ലൈഫ് ലഭിക്കുന്നത് നാച്ചുറൽ വുഡ് ഉപയോഗിച്ച് പണിയുമ്പോഴാണ്. എന്നാൽ കബോർഡുകളുടെ ഈസി വർക്കിനും ഫിനിഷിങിനും കൂടുതൽ അഭികാമ്യം മറൈൻ ഫ്ലൈ വുഡ് തന്നെയാണ്. ചിലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് എം ഡി എഫ് മെറ്റീരിയൽ ആണ്. പിവിസി ഷീറ്റുകൾക്ക് ഡെൻസിറ്റി വളരെ കുറവാണ്. അതിനാൽ ഇവ ചെറിയ കബോർഡുകൾക്കാണ് ഉത്തമം.

കെട്ടിടം ഇരുന്ന് ഭിത്തിയിൽ വിള്ളലുകൾ വീഴുന്നത് നാം ഇന്ന് സ്ഥിരമായി കാണുന്ന കാഴ്ചയാണ്. ഇതിന്റെ കൃത്യമായ കാരണം കണ്ടെത്തിവേണം ഇത് പരിഹരിക്കാൻ. ഫൗണ്ടേഷൻ ഇരിക്കുന്നതാണോ അതോ ബിൽഡിങ്ങിലെ ക്രാക്ക് വീഴുന്നത് കൊണ്ടുള്ള പ്രശ്നമാണോ ഇതെന്ന് കൃത്യമായി കണ്ടെത്തണം. ചിലപ്പോൾ അഡീഷണൽ ആയി ഒരു പൈൽ കൊടുത്ത് അതിനെ സപ്പോർട്ട് ചെയ്യാൻ കഴിയും. ഇപ്പോൾ വിപണിയിൽ ഈ വിള്ളലുകളെ തടയാൻ കഴിയുന്ന കെമിക്കലുകളും ലഭ്യമാണ്.

വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പ്രകൃതിയെ വേദനിപ്പിക്കാതെ വീട് വയ്ക്കണം എന്നതാണ്. മരങ്ങൾ വെട്ടിമാറ്റുന്നതിന് പകരം അവയുടെ ഘടന നോക്കി നമുക്ക് വീട് വയ്ക്കാൻ കഴിയും. അതിന് സഹായിക്കുന്ന ആർകിടെക്റ്റുകൾ ഇന്ന് ഉണ്ട്. അതുകൊണ്ട് തന്നെ മണ്ണിനേയും പ്രകൃതിയെയും വേദനിപ്പിക്കാതെ വീട് വയ്ക്കാൻ ശ്രദ്ധിക്കുക എന്നതും നമുക്ക് ശ്രദ്ധിക്കാവുന്ന കാര്യമാണ്. ചെരിവുള്ള ഭൂമിയിലാണ് വീട് വയ്ക്കുന്നത് എങ്കിൽ ആ ഘടനയ്ക്ക് അനുസരിച്ച് വീട് പണിയുക. വീടിന് ചുറ്റും മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുക വഴി നല്ലൊരു എക്കോ സിസ്റ്റം നമുക്ക് വളർത്തിയെടുക്കാൻ കഴിയും.

വീടിന്റെ ഇന്റീരിയറിലും ഫർണിച്ചർ അറേഞ്ച്മെന്റ്‌സിലും പ്രത്യേകം ശ്രദ്ധ ചെലുത്തണം. വീടിന് ചേരുന്ന രീതിയിൽ വേണം ഇന്റീരിയർ സെറ്റ് ചെയ്യാൻ. ചെറിയ മുറികളിൽ അധികം ഫർണിച്ചറുകൾ കുത്തിനിറയ്ക്കാൻ ശ്രമിക്കരുത്. വീടിന് കൂടുതൽ ഫ്രീ സ്‌പേസ് നൽകുന്നത് വീടിന്റെ ഭംഗി കൂട്ടും. പെയിന്റ് കളറും ഫർണിച്ചർ കളറും കർട്ടൻ കളറും വരെ പരസ്പരം മാച്ച് ആകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ഇത് വീടിന്റെ രൂപ ഭംഗിയെ വർധിപ്പിക്കാൻ ഒരു പരിധിവരെ സഹായിക്കുന്ന ഘടകങ്ങളാണ്.

അതുപോലെ വീട് പണിയാൻ എടുക്കുന്ന സ്ഥലവും ഏറെ കരുതലോടെ വേണം തിരഞ്ഞെടുക്കാൻ. വെള്ളത്തിന്റെ ലഭ്യത, വാഹന സൗകര്യം, റോഡിനോട് ചേർന്നുള്ള സ്ഥലങ്ങൾ എന്നി സൗകര്യങ്ങൾ ഉറപ്പുവരുത്തിവേണം വീട് പണിയാൻ.