ആധുനീകതയുടെ നിരവധി പ്രത്യേകതകളുമായി യൂറോപ്യൻ ശൈലിയിൽ ഒരുങ്ങിയ വീട്

യൂറോപ്യൻ ശൈലിയിൽ ഉയർന്നു പൊങ്ങിയ ഈ മനോഹര വീടിന് ഒന്നല്ല ഒരുപാടുണ്ട് പ്രത്യേകതകൾ. ചാലക്കുടിയ്ക്ക് അടുത്ത്  കൊമ്പൊടിഞ്ഞാൽ മാക്കൽ സ്ഥിതി ചെയ്യുന്ന ഈ വീട് പ്രവാസിയായ  സിജോ ഫ്രാൻസീസിന്റേതാണ് . സ്ലോ പ്രൂഫിൽ ഒരുക്കിയ ഈ വീട് നിർമ്മിച്ച് നൽകിയിരിക്കുന്നത് ഗ്രീൻ ടെക് ബിൽഡേഴ്‌സിലെ ചീഫ് ഡിസൈനർ കെ ജി ഫ്രാൻസീസാണ്. ഒറ്റ നിലയിൽ മനോഹരമായ ഒരു വീട് വേണം എന്നാണ് സിജോ ഫ്രാൻസീസും കുടുംബവും ഡിസൈനറോട് ആവശ്യപ്പെട്ടത്. സ്ലോ പ്രൂഫിന്റെ സാധ്യതകളെ മനോഹരമായി തന്നെ ഒരുക്കിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

പിരമിഡ് ഭംഗിയുള്ള തലയെടുപ്പോടെയാണ് ഈ വീട് ഉയർന്നു നിൽക്കുന്നത്. ആധുനീക ശൈലിയുടെ നിരവധി പ്രത്യേകതകളോടെയാണ് ഈ വീട് പടുത്തുയർത്തിയിരിക്കുന്നത്. പുതുമ നിറഞ്ഞ കളർ തീമും എലിവേഷനും ഈ വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. റോഡിൽ നിന്നും ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ ഇരു നില വീടിന്റെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നുണ്ട് ഈ സ്ലോ പ്രൂഫിൽ ഒരുക്കിയ സുന്ദര ഭവനം കാണാം. ടെക്സ്ചർ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഫ്രണ്ട്‌ എലിവേഷനിൽ തന്നെ അകത്തളങ്ങളിൽ ഒരുക്കിയിരിക്കുന്ന വുഡൻ ഭംഗിയുടെ പ്രതിഫലനവും കാണാൻ കഴിയും.

ഗേറ്റിൽ നിന്നും ഒരുക്കിയിരിക്കുന്ന പാസേജിലൂടെ നടന്ന് മനോഹരമായി ഒരുക്കിയിരിക്കുന്ന നീളൻ പടികെട്ടും കടന്ന് വേണം വീടിന്റെ അകത്തളങ്ങളിലേക്ക് എത്താൻ. വിശാലമായ വരാന്തയോട് കൂടിയാണ് ഫ്രണ്ട്‌ സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്. വുഡൻ പാനൽ നൽകി ഏറെ ആകര്ഷകമാക്കിയിട്ടുണ്ട് സിറ്റൗട്ടിന്റെ മുൻഭാഗം. ഇതിനൊപ്പം ഭിത്തി കീഴടക്കുന്ന ടെക്സ്ചർ മാജിക്കും വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. സ്‌പേസ് ക്രിയാത്മകമാക്കുന്ന വിശാലമായ വരാന്തയ്ക്ക് അഴകായി മാറുന്നത് ഇവിടെ ഒരുക്കിയിരിക്കുന്ന ഉരുളൻ തൂണുകളാണ്. ഫ്ലോറിലെ ബ്ലാക്ക് ഷേഡും ഭിത്തിയിലെ വുഡൻ ഷേഡും ഇവിടെ ചാർത്തിയിരിക്കുന്ന ലൈറ്റുകളുമെല്ലാം വീടിന്റെ മുൻ ഭാഗത്തിന് മാറ്റ് കൂട്ടുന്നുണ്ട്. നീളൻ ജനാലകൾക്ക് നാടുവിലായാണ് പ്രധാന വാതിൽ ഉള്ളത്. തടിയിൽ തീർത്ത സിംപിൾ വാതിലും വീടിനെ അഴകുള്ളതാക്കി മാറ്റുന്നു.

യൂറോപ്യൻ ശൈലിയിൽ ഉയർന്നു നിൽക്കുന്ന ഈ വീടിന് വളരെ മിനിമലിസ്റ്റിക് ആയിട്ടുള്ള ഡിസൈനാണ് അവലംബിച്ചിരിക്കുന്നത്. സ്‌പേസ് യൂട്ടിലൈസേഷന് വളരെയധികം പ്രാധാന്യം നൽകിയാണ് വീട് ഒരുക്കിയത്. ഓരോ ഭാഗത്തും മാക്സിമം യൂട്ടിലൈസ് ചെയ്തു കൊണ്ടാണ് വീട് നിർമ്മിച്ചത്. പ്രധാന വാതിൽ തുറന്ന് നാം കയറുന്നത് വിശാലമായ ഫോർമൽ ലിവിങ് ഏരിയയിലേക്കാണ്. ഒരു ഭാഗത്തെ ഭിത്തി വാൾ പേപ്പർ നൽകി ഹൈലൈറ്റ് ചെയ്താണ്  ലിവിങ് ഏരിയയെ ഡിസൈൻ ചെയ്ത്  ആകർഷകമാക്കുന്നത്. വാൾ പേപ്പറുകളുടെ സാന്നിധ്യം ഈ വീടിന്റെ ഫോൾ സീലിങ്ങിലും കണ്ടെത്താനാകും. ഇരിപ്പിട സംവിധാനം ക്രിയാത്മകമായി വിന്യസിച്ചിരിക്കുന്ന ലീവിങിന്റെ ഒരു ഭിത്തി കേന്ദ്രീകരിച്ചാണ് ടിവി സ്‌പേസ് രൂപപ്പെടുത്തിയത്.

ഫോർമൽ ലീവിങിൽ നിന്നും നാം പ്രവേശിക്കുന്നത് ഫാമിലി ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ്. ചിത്രപ്പണികളോടെ വുഡൻ പാർടീഷൻ നൽകിയാണ് ഈ ഭാഗങ്ങളെ തമ്മിൽ വേർതിരിക്കുന്നത്. ഒരു ഭിത്തി വാൾ പേപ്പർ നൽകി ഹൈലൈറ്റ് ചെയ്താണ് പ്രയർ സ്‌പേസ് ഒരുക്കിയത്. ഫോർമൽ ലീവിങിൽ പ്രകടമാകുന്ന ഫാൾ സീലിങ് കോമ്പിനേഷൻ തന്നെയാണ് ഈ ഭാഗത്തും പ്രകടമാകുന്നത്. ഇവിടെ നിന്നും പ്രവേശിക്കാവുന്ന രീതിയിലാണ് കിടപ്പ് മുറികൾ ഒരുക്കിയത്. വുഡൻ തീമിന്റെ തുടർച്ച തന്നെയാണ് ഈ ഭാഗങ്ങളിലും കാണുന്നത്. ഇവിടെ നിന്നും അടുത്തായി ഒരുക്കിയ കിച്ചൻ ഭംഗിക്കും സ്റ്റോറേജിനും പ്രാധാന്യം നല്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *