മലയാളി മനസിന് ഇണങ്ങിയ മനോഹര ഭവനം

സ്വന്തമായി സുന്ദരമായ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് മിക്കവരും.  വീട് പണിയുമ്പോൾ അതിൽ അല്പം കേരളീയ തനിമ കൊണ്ടുവരാൻ ശ്രമിക്കുന്നവരും ഒരുപാടുണ്ട്. അത്തരത്തിൽ മലയാളി മനസിന് ഇണങ്ങിയ ഒരു സുന്ദര ഭവനമാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. വളരെ മനോഹരമായി 28 ലക്ഷം രൂപ മുടക്കിയാണ് ഈ വീടൊരുക്കിയത്. പഴയതും പുതിയതുമായ ആർകിറ്റെക്ച്ചർ ശൈലികളുടെ സമുന്യയമാണ് ഈ വീട്. ഒരേ സമയം ശരീരത്തിനും മനസിനും സന്തോഷം പകരുന്ന രീതിയിലാണ് ഈ വീടൊരുക്കിയിരിക്കുന്നത്.

തിരൂർ ചോലപ്പുറം എന്ന സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ വീട് അഹ്മദ് ഉനൈസിന്റേതാണ്. പത്ത് സെന്റ് സ്ഥലത്ത് വളരെ സുന്ദരമായി ഒരുക്കിയിരിക്കുന്ന ഈ വീട് പരമ്പരാഗത ശൈലി പൂർണമായും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഒരുക്കിയത്. വെട്ടുകല്ലുകൊണ്ട് ഭിത്തികെട്ടി അതിന് മുകളിലായി മഡ് പ്ലാസ്റ്ററിങ് ചെയ്താണ് ഈ വീടൊരുക്കിയത്. സിമെന്റിന് പകരം കശുവണ്ടിക്കറയാണ് വീടിന് ഉപയോഗിച്ചിരിക്കുന്നത്. പുറത്തും അകത്തുമൊക്കെ വളരെ ആകർഷകമാക്കി ഒരുക്കിയിരിക്കുന്ന ഈ വീട് വലിയൊരു മുറ്റത്തിന് നടുവിലായാണ് ഒരുക്കിയിരിക്കുന്നത്.

രൂപത്തിലും ഭാവത്തിലുമൊക്കെയുള്ള വ്യത്യസ്തത കൊണ്ട് കാഴ്ചക്കാരെ അമ്പരിപ്പിച്ചിരിക്കുന്ന ഈ വീട് ഒറ്റനോട്ടത്തിൽ തന്നെ ഏറെ മനോഹരമാണ്. പത്ത് സെന്റ് സ്ഥലത്ത് ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥലത്തിന്റെ സ്വാഭാവികത അതേ പടി നിലനിർത്തിക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 1870 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന വീട്ടിൽ ഒരു ചെറിയ സിറ്റൗട്ട്, നാല് കിടപ്പ് മുറികൾ, ലിവിങ് മുറി അടുക്ക, ബാത്റൂം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

വലിയ പച്ച വിരിച്ച മുറ്റത്തിന് നടുവിലായി വെട്ടുകല്ലിന്റെ ചാരുതയിൽ ഒരുങ്ങിയ വീടിന്റെ മുൻ ഭാഗം മൂന്നര അടി ഉയരത്തിലാണ് ഉള്ളത്. സ്റ്റെപ്പ് കയറി സിറ്റൗട്ടിൽ എത്തിയാൽ അവിടെ മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ പരമ്പരാഗത ശൈലിയും കേരള തനിമയും ഒപ്പം മോഡേൺ സൗകര്യങ്ങളും നിറഞ്ഞ ലിവിങ് ഏരിയായണ് ഉള്ളത്. അവിടെ നിന്നും ഡൈനിങ് ഏരിയയും എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉള്ള സുന്ദരമായ കിടപ്പ് മുറികളും നമ്മെ കാത്തിരിക്കുന്നുണ്ട്. വളരെ ആകർഷകവും സുന്ദരവുമായ അടുക്കളയാണ് വീടിനോട് ചേർന്ന് ഉള്ളത്. ആവശ്യത്തിനുള്ള സ്റ്റോറേജ് ഫെസിലിറ്റിയും ഇവിടെയുണ്ട്.

പുറത്ത് എത്ര ചൂടായാലും വീടിനകത്തേക്ക് കയറിയാൽ ആകെയൊരു കുളിർമ്മയാണ്. ഫാനോ എയർകണ്ടീഷനറോ ഇല്ലാതെ തന്നെ ഈ വീടിനകത്ത് സുഖമായി ജീവിക്കാം. വീടിന്റെ തേയ്ക്കാത്ത ഭിത്തി തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റും. തേക്കാത്ത ചുവരുകൾ ഇരിക്കുന്തോറും കല്ലിന്റെ കാഠിന്യം വർധിപ്പിക്കും. ഒപ്പം ഇരിപ്പ് ഉറക്കുകയും ചെയ്യും. വെട്ടുകല്ലിൽ നിന്നും വീടിനകത്ത് പൊടിയും ചിതലും ഉണ്ടാകാത്ത രീതിയിൽ വീടിന്റെ ഭാഗത്തെ ഭിത്തിയിൽ ഒരു ക്ലോട്ടിങ്ങും നൽകിയിട്ടുണ്ട്.

കോസ്റ്റ് കുറഞ്ഞ, ഓർഗാനിക് വസ്തുക്കളാണ് ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. മഡ് പ്ലാസ്റ്ററിങ് ഉപയോഗിച്ച് ഒരുക്കിയ ഈ വീട് വീടിനകത്ത് കുളിർമ്മയും കൊണ്ടുവരുന്നുണ്ട്.ലളിതവും മനോഹരമാവുമായ ഈ വീട് കാണുന്നതും മനസിന് സന്തോഷം പകരുന്ന ഒരു അനുഭവമാണ്. തടികൊണ്ട് നിർമ്മിച്ച ജനാലകളും വാതിലുകളുമാണ് ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത്. വീട് നിർമ്മിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഭിത്തി കെട്ടിപൊക്കുക എന്നത്. ഇത്തരത്തിൽ വീടിന്റെ ഭിത്തി കെട്ടിപൊക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പണ്ട് കാലങ്ങളിൽ വീട് കെട്ടിപൊക്കാൻ മണ്ണും ചെളിയുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് മാറി  ഇഷ്‌ടിക, കോൺക്രീറ്റ് ബ്ലോക്ക്,  വെട്ടുകല്ല്, കരിങ്കല്ല് തുടങ്ങി ഇന്റർലോക്ക് ബ്ലോക്കുകൾ വരെ ഇന്ന് വിപണിയിൽ സുലഭമാണ്.

Leave a Reply

Your email address will not be published. Required fields are marked *