മൂന്ന് ലക്ഷം രൂപയിൽ എങ്ങനെ വീടൊരുക്കാം

മൂന്ന് ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ ഒരു വീട്. കേൾക്കുമ്പോൾ അത്ഭുതവും അതിശയവും തോന്നിയേക്കാം. കാരണം നിർമ്മാണ വസ്തുക്കൾക്ക് എല്ലാം ഇത്രയധികം വിലയുള്ള ഈ കാലത്ത് എങ്ങനെയാണ് ഇത്രയും കുറഞ്ഞ ചിലവിൽ വീടൊരുക്കാൻ കഴിയുക… എന്നാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയാണ്  ചെറിയ സ്ഥലത്ത് മനോഹരമായ ഒരു കൊച്ചു വീട് വെറും മൂന്ന് ലക്ഷം രൂപ ബജറ്റിൽ ഒരുക്കിയ കോഴിക്കോട് ബാലുശ്ശേരി റോക്ക് ഫ്ളവേഴ്സിലെ എഞ്ചിനീയർ അബ്ദുൾ റഷീദ്. വീടിന്റെ പ്ലാൻ സഹിതം പങ്കുവെച്ചാണ് ഈ വീടിന്റെ നിർമ്മാണ ചിലവ് അദ്ദേഹം പറഞ്ഞത്.

650 സ്‌ക്വയർ ഫീറ്റിലാണ് ഈ കൊച്ചു വീട് ഒരുങ്ങിയത്. ഇനി വീടിന്റെ ചിലവ് ഇത്രയധികം കുറഞ്ഞതിനാൽ വീട്ടിൽ സൗകര്യങ്ങൾ ഇല്ലെന്ന് കരുതുന്നവരും ഉണ്ടാവും. പക്ഷെ ഒരു സാധാരണക്കാരന്റെ വീടിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഈ വീട് ഒരുക്കിയത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരു ചെറിയ വരാന്ത, മൂന്ന് കിടപ്പ് മുറികൾ, ഡൈനിങ്ങ് ഏരിയ,  കിച്ചൻ, വർക്ക് ഏരിയ, ടോയ്‌ലറ്റ് എന്നിങ്ങനെയാണ് ഈ വീട് ഒരുങ്ങിയത്. പത്തേ പത്തിന്റെ രണ്ട് കിടപ്പ് മുറികളും കുട്ടികൾക്ക് വേണ്ടി ഒരു കൊച്ച് കിടപ്പ് മുറിയുമാണ് ഒരുക്കിയിരിക്കുന്നത്.

സിങ്കിൾ ബ്രിക്സ് ഉപയോഗിച്ച് രണ്ട് ഇഞ്ച് സ്ളാബ് തിക്നസിലാണ് ഈ വീട് ഒരുക്കിയത്. ചെങ്കല്ലിന് പകരം ഭിത്തി കെട്ടിപ്പൊക്കാൻ സിംഗിൾ ബ്രിക്സ് ഉപയോഗിച്ചതിനാൽ ചിലവ് നല്ല രീതിയിൽ കുറയ്ക്കാൻ ഇത് സഹായകമായി. എന്നാൽ വീടിന്റെ ജനാലകൾക്കും വാതിലിനും ലോ കോസ്റ്റ് വുഡിൽ തീർത്ത കട്ടിളകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. മേൽക്കൂരയിൽ ഹോളോ ബ്രിക്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഭിത്തി പ്ലാസ്റ്ററിങ് ചെയ്തിട്ടില്ല. അതിനാൽ തന്നെ ബ്രിക്സിന്റെ നാച്ചുറൽ ഭംഗി ഈ വീടിന് പൂർണമായും ലഭിക്കുന്നുണ്ട്. ടെറാക്കോട്ട ടൈൽസ് ഉപയോഗിച്ച് ഫ്ളോറിങ് മനോഹരമാക്കിയിട്ടുണ്ട്. അനാവശ്യ ചിലവുകളോ ആർഭാടങ്ങളോ ഒന്നും ഇല്ലാതെ വളരെയധികം സിംപിൾ ആയും മനോഹരമായുമാണ് ഈ വീടിന്റെ നിർമ്മാണം. വീട് നിർമ്മിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഭിത്തി കെട്ടിപൊക്കുക എന്നത്. ഇതിന് പുറമെ നല്ലൊരു തുക ഇതിന് ചിലവായും വരും.

എന്നാൽ വീടിന്റെ ഭിത്തികൾ കെട്ടിപൊക്കുമ്പോൾ ഇന്റർലോക്ക് കട്ടകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിന് വലിയ ചിലവ് വരില്ല. അതിനൊപ്പം സിമെന്റ് വലിയ രീതിയിൽ ആവശ്യമില്ല. ഇതിന്റെ ആരംഭത്തിലോ ലിന്റൽ വാർത്ത ശേഷമോ മാത്രമേ സിമെന്റ് ആവശ്യമായി വരുകയുള്ളു. അതും വളരെ കുറഞ്ഞ അളവിൽ മാത്രമേ സിമെന്റ് ആവശ്യമുള്ളു. ഇത്തരത്തിലുള്ള കൺസ്ട്രക്ഷൻ വേണമെങ്കിൽ ഒരു ദിവസം കൊണ്ട് 1000 ചതുരശ്ര അടി ഉള്ള വീടിന്റെ ലിന്റൽ വരെയുള്ള പണി തീർക്കാവുന്നതാണ്. ഏകദേശം രണ്ടോ മൂന്നോ പണിക്കാർ മാത്രമേ ഇതിനും ആവശ്യമായി വരുകയുള്ളു.

ഇത്തരത്തിൽ ഇന്റർലോക്ക് സംവിധാനം ആണ് ഭിത്തിയ്ക്ക് ഉപയോഗിക്കുന്നതെങ്കിൽ പണി വേഗത്തിൽ കഴിയും. എന്നാൽ ഇവ ഉപയോഗിച്ച് ഭിത്തി കെട്ടുകയാണെങ്കിൽ ഭിത്തി കെട്ടിയതിന് ശേഷം വയറിങ്ങിനും മറ്റുമായി വളരെയധികം ബുദ്ധിമുട്ടുണ്ട്. അതിനാൽ ഈ പണി തുടങ്ങുമ്പോൾ തന്നെ നമ്മുടെ ആർകിടെക്റ്റുമായും കോൺട്രാക്‌ടറുമായും ഇതിനെക്കുറിച്ച് ഒരു ധാരണ വരുത്തണം. അല്ലാത്ത പക്ഷം ഇലക്ട്രിക് വർക്കുകൾക്കായി ഭിത്തി പൊട്ടിക്കേണ്ടതായി വരും. ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഈ ബ്രിക്സുകളുടെ വിലയ്ക്ക് പുറമെ ഗുണനിലവാരം  ഉറപ്പുവരുത്തണ്ടതും അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *